"ഞാൻ നോക്കിവച്ചിട്ടുണ്ട് കേട്ടോ" രാവിലെയും കണ്ണിന് വേദന; കാരണക്കാരനായ മാദ്ധ്യമപ്രവർത്തകനെ ഫോണിൽവിളിച്ച് മോഹൻലാൽ പറഞ്ഞത്
ടെലിവിഷൻ ചാനൽ പ്രവർത്തകന്റെ മൈക്ക് ഐഡി മോഹൻലാലിന്റെ കണ്ണിൽ തട്ടിയ സംഭവം വലിയ ചർച്ചയായിരുന്നു. ഇന്നലെ ജി എസ് ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നിന്ന് പുറത്തുവരുമ്പോഴായിരുന്നു സംഭവം.
വി ഐ പി കവാടത്തിലൂടെ പുറത്തെത്തിയ മോഹൻലാലിനോട് മകൾ വിസ്മയയുടെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് മാദ്ധ്യമപ്രവർത്തകർ ചോദിച്ചത്. ഒന്നും പറയാനില്ലെന്ന് പറഞ്ഞ് മുന്നോട്ട് നീങ്ങുന്നതിനിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുമാണ് ഒരു സ്വകാര്യ വാർത്താ ചാനലിന്റെ മൈക്ക് ഐഡി മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്.
" എന്താ മോനേ ഇത് കണ്ണല്ലേ," എന്ന് ചോദിച്ച് കാറിന്റെ ഡോർ തുറന്ന് അകത്തുകയറിയ മോഹൻലാൽ "നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട്" എന്ന് തമാശരൂപേണ പറഞ്ഞാണ് തിരിച്ചുപോയത്. ഇതിനുപിന്നാലെ മാദ്ധ്യമപ്രവർത്തകനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ആ മാദ്ധ്യമപ്രവർത്തകനെ മോഹൻലാൽ വിളിച്ച് ആശ്വസിപ്പിച്ചെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത് സനിൽകുമാർ. സംഭവം നടക്കുമ്പോൾ സനിൽകുമാറും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.
മൈക്ക് കൊണ്ടപ്പോൾ മോഹൻലാലിന്റെ കണ്ണ് വേദനിച്ചുവെന്നത് വാസ്തവമാണ്. പാപ്പനംകോടുള്ള സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും അവിടെയെത്തിയപ്പോഴുമെല്ലാം അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് വെള്ളം വന്നിരുന്നുവെന്ന് സനിൽകുമാർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഷൂട്ടിംഗിന്റെ ഇടയിൽപ്പോലും മോഹൻലാലിന്റെ കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു. രാവിലെയും കണ്ണിന് അസ്വസ്ഥത തോന്നി. എന്നാൽ ഈ സംഭവത്തിന് കാരണക്കാരനായ മാദ്ധ്യമപ്രവർത്തകനെതിരെ സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനം ഉയരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ മാദ്ധ്യമപ്രവർത്തകന്റെ നമ്പർ കണ്ടെത്തി വിളിച്ചു. തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് അദ്ദേഹം മാദ്ധ്യമപ്രവർത്തകനെ ആശ്വസിപ്പിച്ചു. ഞാൻ നോക്കിവച്ചിട്ടുണ്ട് കേട്ടോ എന്ന ഡയലോഗ് തമാശയ്ക്ക് ആവർത്തിച്ച ശേഷമാണ് ഫോൺ വച്ചതെന്ന് സനിൽകുമാർ പറഞ്ഞു.