പ്ലസ് ടു പാസായോ? അഞ്ചക്ക ശമ്പളം വാങ്ങാം, 1850 ഒഴിവുകൾ, അധികം വൈകേണ്ട

Wednesday 02 July 2025 3:12 PM IST

തമിഴ്നാട്ടിലെ അവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിലേക്ക് ജൂനിയർ ടെക്നീഷ്യൻ തസ്തികയിലേക്ക് അവസരം. 1,850 ഒഴിവുകളാണുളളത്. ജൂനിയർ ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ സുവർണാവസരം. ഇലക്ട്രീഷ്യൻ, വെൽഡർ, ഫി​റ്റർ, കാർപെന്റർ എന്നീ തസ്തികയിലേക്കാണ് അവസരം. ഓരോ ട്രേഡിനനുസരിച്ചുളള ഐടിഐയായാണ് യോഗ്യത. ജൂലായ് 18 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വെബ്‌സൈ​റ്റിൽ oftr.formflix.org. പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്.


കരാർ നിയമനമാണ്. ഒരു വർഷത്തെ നിയമനമാണ്. തുടർന്ന് ജോലിയിലെ പ്രകടനമനുസരിച്ച് കരാർ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ യോഗ്യതയും മ​റ്റ് മാനദണ്ഡങ്ങളും വെബ്‌സൈ​റ്റിൽ പ്രവേശിച്ച് മനസിലാക്കാവുന്നതാണ്. ഓൺലൈനായിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.35നു താഴെ പ്രായമുളളവരാണ് അപേക്ഷിക്കേണ്ടത്.ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ടവർ 300 രൂപ അപേക്ഷാഫീസായി അടയ്ക്കണം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

അടിസ്ഥാന ശമ്പളം 21,000 രൂപയാണ്. തൊഴിൽ പരിചയം, മ​റ്റ് യോഗ്യതകൾക്കനുസരിച്ച് ശമ്പളത്തിൽ മാ​റ്റങ്ങൾ വന്നേക്കാം. ഇതുകൂടാതെ മെഡിക്കൽ ആവശ്യങ്ങൾ, അപകട ഇൻഷുറൻസ്, ഗതാഗതം, ടെലഫോൺ എന്നിവയ്ക്കായുളള ആനുകൂല്യമായി പ്രതിമാസം 3000 രൂപ അധികമായി ലഭിക്കും. പ്രൊവിഡന്റ് ഫണ്ടിന്റെ അനുകൂല്യവും ലഭിക്കും. യുദ്ധങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ടാങ്കുകളുടെയും നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയാണ് ഹെവി വെഹിക്കിൾ ഫാക്ടറി. പ്രതിരോധ വകുപ്പിന്റെ കീഴിലാണ് കമ്പനി പ്രവർത്തിക്കുന്നത്.