ഒരു സിമ്പിൾ കാര്യം ചെയ്‌താൽ മതി, പൈനാപ്പിൾ കഴിക്കുമ്പോൾ നാക്കിലും തൊണ്ടയിലും ചൊറിച്ചിലുണ്ടാവില്ല
നല്ല മധുരമുള്ള പൈനാപ്പിൾ കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. വെള്ളത്തിന്റെ അളവ് കൂടുതലുള്ള പഴവർഗമായതിനാൽ ഡയറ്റ് നോക്കുന്നവർക്കും പൈനാപ്പിൾ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കലോറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് തുടങ്ങിയവ ധാരാളമായി പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ മികച്ച സ്രോതസ് കൂടിയാണിത്.
എന്നാൽ പൈനാപ്പിൾ കഴിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് നാക്കിലും തൊണ്ടയിലുമൊക്കെ അനുഭവപ്പെടുന്ന ചൊറിച്ചിൽ. അലർജിയുള്ളവരാണെങ്കിൽ ഇത് കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. നല്ല പഴുത്ത പൈനാപ്പിൾ കഴിക്കുമ്പോൾ ഈ പ്രശ്‌നം സാധാരണയായി ഉണ്ടാകാറില്ല. ഈ പ്രശ്‌നത്തിന് വളരെ മികച്ച പരിഹാരമുണ്ട്. പൈനാപ്പിൾ മുറിച്ചതിനുശേഷം രണ്ടോ മൂന്നോ മിനിട്ട് ഉപ്പുവെള്ളത്തിലിട്ടുവച്ചാൽ കഴിക്കുമ്പോൾ ചൊറിച്ചിൽ ഉണ്ടാവുകയില്ല.
കൃത്യമായി പഴുത്ത പൈനാപ്പിൾ കണ്ടെത്താനും ചില മാർഗങ്ങളുണ്ട്. പൈനാപ്പിൾ വാങ്ങുമ്പോൾ ഇനിമുതൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:
- പൈനാപ്പിൾ പഴുത്തതാണോയെന്ന് അറിയാനുള്ള ഏറ്റവും എളുപ്പമാർഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത സ്വർണ നിറത്തിലെ പൈനാപ്പിൾ കണ്ടാൽ അവ പഴുത്തതാണെന്ന് ഉറപ്പിക്കാം.
- പൈനാപ്പിളിന്റെ പുറംതോടിൽ അമർത്തി നോക്കുക. പഴുത്തതാണെങ്കിൽ പുറംതോട് മൃദുലമായിരിക്കും. പഴുക്കാത്തവയുടെ പുറംതോടിന് നല്ല കട്ടിയുണ്ടായിരിക്കും.
- പഴുത്ത പൈനാപ്പിളിന്റെ അടിവശത്ത് നല്ല മണമുണ്ടായിരിക്കും.
- ഭാരക്കൂടുതലുള്ള പൈനാപ്പിൾ പഴുത്തതായിരിക്കും.
- പൈനാപ്പിളിന്റെ മുകളിലത്തെ ഇല എളുപ്പത്തിൽ പറിച്ചെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അവ പഴുത്തതായിരിക്കും.