സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ, യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ടെക്കി അറസ്റ്റിൽ
ബംഗളൂരു: സ്ത്രീകളുടെ ശുചിമുറിയിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ ടെക്കിയെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗളൂരു ഇൻഫോസിസിലെ സീനിയർ അസോസിയേറ്റായ നാഗേഷ് സ്വപ്‌നിൽ മാലിയെയാണ് സഹപ്രവർത്തക കൈയ്യോടെ പിടികൂടിയത്. മുൻപും ഇയാൾ മറ്റ് സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു.
ടോയ്‌ലറ്റിൽ സംശയാസ്പദമായി ഇയാൾ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും നാഗേഷ് ഫോണിൽ വീഡിയോ പകർത്തുന്നത് കണ്ടതായും യുവതി പറഞ്ഞു. ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും മാലിയെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഇയാളുടെ ഫോണിൽ നിന്നും ദൃശ്യങ്ങൾ കണ്ടെത്തി യുവതിയുടെ സാന്നിധ്യത്തിൽ ഹ്യൂമൻ റിസോഴ്‌സ് ഉദ്യോഗസ്ഥർ ഇല്ലാതാക്കി. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.
ഫോണിൽ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. ഇയാളുടെ ഫോൺ പിടിച്ചെടുത്ത് വിശദമായ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.