ചിരട്ടയിന്ന് 'പൊന്നാ'ണേ !
കല്ലറ: തേങ്ങ, എണ്ണ വിലയ്ക്ക് പിന്നാലെ ചിരട്ട വിലയും ഉയർന്നു. വീടുകളിൽ ആക്രി എടുക്കാനെത്തുന്ന തമിഴനും ആദ്യം ചോദിക്കുന്നത് ചിരട്ടയുണ്ടോ എന്ന്. ചിരവിക്കഴിഞ്ഞാൽ അടുപ്പിലോ അടുത്തുള്ള പറമ്പിലോ സ്ഥാനമുണ്ടായിരുന്ന ചിരട്ടയ്ക്ക് ഇന്ന് പൊന്നിൻവിലയാണ്. എന്നാലിനി അങ്ങനെ വലിച്ചെറിയാൻ വരട്ടെ, കിലോയ്ക്ക് പത്ത് രൂപയിൽ കിടന്ന മൊത്തവില ഇപ്പോൾ നാലിരട്ടി ഉയർന്ന് 40 രൂപയിലെത്തി. നാട്ടിൻപുറത്തെ ആക്രിക്കടകളിൽ 30 മുതൽ 35 രൂപ വരെ ഇവയ്ക്ക് ലഭിക്കും. നാളികേരത്തിനൊപ്പം ചിരട്ടയ്ക്കും വില ഉയർന്നതോടെ നാളികേര വ്യവസായത്തിലെ ഒരു പ്രധാന ഘടകമായി ചിരട്ടയും മാറി. ചിരട്ടയ്ക്ക് മൂല്യമേറിയതോടെ വീടുകളിലെത്തി പാഴ്വസ്തുക്കൾ ശേഖരിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്.
ചിരട്ട കിലോയ്ക്ക് - 40 രൂപ
ചിരട്ടക്കരിയും ഹിറ്റാണേ...
സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിന് ചിരട്ട ഒരു പ്രധാന ഘടകമാണ്. ഇതിന് പുറമെ പഴച്ചാർ,പഞ്ചസാര,വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കുന്നു.
കയറ്റി അയയ്ക്കുന്നു
കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാർ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നതിനും തമിഴ്നാട്ടിലെ ആക്ടിവേറ്റഡ് കാർബൺ നിർമ്മാണ കമ്പനികൾക്കുമായാണ് ചിരട്ട ശേഖരിക്കുന്നത്.
ഓൺലൈനിൽ കേമൻ
ഓൺലൈൻ വില്പന സൈറ്റുകളിലും ചിരട്ട താരമാണ്
രാകിമിനുക്കി ചായ, ഐസ്ക്രീം കപ്പായും ഉപയോഗിക്കുന്നു
ചില കപ്പുകൾക്കൊപ്പം തടി സ്പൂണും ഓഫറും
പോളിഷ് ചെയ്ത ചിരട്ടകൊണ്ടുള്ള കൗതുക വസ്തുക്കൾക്ക് ഉയർന്ന വില