കശാപ്പുകൾ നിരോധിച്ചു; ആഫ്രിക്കൻ പന്നിപ്പനിക്ക് പിന്നാലെ നടപടിയെടുത്ത് അരുണാചൽപ്രദേശ് സർക്കാർ

Wednesday 02 July 2025 7:48 PM IST

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. അരുണാചൽ പ്രദേശിലെ ലോങ്ഡിംഗ് ജില്ലയിലെ ലുവാക്സിം ഗ്രാമത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അസമിലെ റാണിയിലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ പിഗ് ലബോറട്ടറിയിലേക്ക് രോഗനിർണയത്തിനായി അയച്ച രക്ത സാമ്പിൾ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയതെന്ന് മൃഗസംരക്ഷണ ഓഫീസർ പറഞ്ഞു.

രോഗബാധിത മേഖലയ്ക്ക് 10കിലോമീറ്റർ ചുറ്റുമുള്ള പ്രദേശം രോഗബാധിത പ്രദേശമായും രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. ജനങ്ങൾ ജാഗ്രത പാലിക്കണെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിലേക്ക് പന്നികളെ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.

പന്നി മാംസങ്ങളുടെ വിൽപ്പനയും കശാപ്പും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കണം. രോഗം സ്ഥിരീകരിച്ച മേഖലകളിലെ പന്നികളെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ച് അണുവിമുക്തമാക്കാനാണ് അധികൃതരുടെ നിർദ്ദേശം. ആഫ്രിക്കൻ പന്നിപ്പനി പന്നികളിൽ മാത്രം കാണപ്പെടുന്ന ഒരു രോഗമാണ്. മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെങ്കിലും, മുൻകരുതലുകൾ ആവശ്യമാണെന്ന് മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.