മാലിന്യം വഴിമാറി, ഇനി കളിച്ചുല്ലസിക്കാം

Thursday 03 July 2025 1:17 AM IST

കിടങ്ങൂർ : ഏറെനാൾ മുൻപ് വരെ ഇതുവഴി വരണേൽ മൂക്കുപൊത്തണമായിരുന്നു. അതൊക്കെ ഇനി പഴങ്കഥ. ഇനി ആർക്കും കടന്നുവരാം. മാലിന്യത്തിന്റെ ദുർഗന്ധമില്ല. ഒഴിവുവേളകൾ ആസ്വദിക്കാം. കിടങ്ങൂർ പഞ്ചായത്തിലെ കട്ടച്ചിറ ചെക്ക്ഡാം പരിസരത്ത് മീനച്ചിലാറിന്റെ തീരത്ത് മിനിപാർക്ക് ഒരുങ്ങി. കാടുപിടിച്ച് കിടന്ന പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. ഇവിടെ കുളിക്കാനായി ചെക്ക്ഡാമിന്റെ ഇരുവശങ്ങളിലുമായി ഇറങ്ങിയ നിരവധിപ്പേരുടെ ജീവൻ നഷ്ടപ്പെട്ടതും ആളുകളെ അകറ്റി.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അനുവദിച്ച അഞ്ചുലക്ഷം രൂപ ചെലഴിച്ചാണ് പാർക്കിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ചെക്ക്ഡാമിലേക്ക് ഇറങ്ങുന്ന ഭാഗത്ത് സംരക്ഷണഭിത്തികളും സ്റ്റീൽ പൈപ്പ് ഉപയോഗിച്ചുള്ള വേലികളും ഗേറ്റും, അപകടസൂചനാ ബോർഡുകളും സ്ഥാപിച്ചു. നടപ്പാത കോൺക്രീറ്റ് ചെയ്തു.

ചെക്ക്ഡാമിലെ വെള്ളച്ചാട്ടം കാണുന്നതിനായി സ്റ്റീൽ പൈപ്പുകൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. ടൈൽ വിരിച്ച് പരിസരം മനോഹരമാക്കി. മിനിമാസ്റ്റ് ലൈറ്റ് , സി.സി.ടി.വി എന്നിവയുമുണ്ട്.

ഉദ്ഘാടനം നാളെ

ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിക്കും. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അദ്ധ്യക്ഷത വഹിക്കും. പുഴയോരം റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടറുമായ ബി. സന്തോഷ് കുമാർ മുഖപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. മേഴ്‌സി ജോൺ ആമുഖപ്രസംഗവും നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ രശ്മി രാജേഷ് സ്വാഗതം പറയും.

രണ്ടാംഘട്ടത്തിൽ

രണ്ടാംഘട്ടമായി ചെക്ക്ഡാമിന്റെ മറുകരയിൽ പന്ത്രണ്ടാം വാർഡിന്റെ ഭാഗത്തും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മനോഹരമാക്കും. കിടങ്ങൂർ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പ്രവർത്തിച്ചുവരുന്ന പുഴയോരം റസിഡന്റ്ശ് അസോസിയേഷനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.