ജൂലായ് അഞ്ചിന് ദുരന്തമുണ്ടാകുമെന്ന് പ്രവചനം, പിന്നാലെ തുടർച്ചയായി ഭൂകമ്പങ്ങൾ, ഇനിയും ഭൂചലനത്തിന് സാദ്ധ്യതയെന്ന് കാലാവസ്ഥാ ഏജൻസി

Wednesday 02 July 2025 8:24 PM IST

ടോക്കിയോ : ചൈനയിലും ജപ്പാനിലും ജൂലായ് അഞ്ചിന് വലിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന പ്രചാരണങ്ങൾക്കിടെ ആശങ്കയുയർത്തി ജപ്പാനിൽ തുടർച്ചയായി ഭൂചലനങ്ങൾ. ജപ്പാനിലെ തോകാര ദ്വീപ സമൂഹത്തിൽ തുടർച്ചയായി ഭൂചലനം അനുഭവപ്പെടുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. ജാപ്പനീസ് കാലാവസ്ഥാ ഏജൻസി പുറത്തുവിട്ട കണക്കനുസരിച്ച് രണ്ടാഴ്ചയ്ക്കിടെ ചെറുതും വലുതുമായ 875 ഭൂചലനങ്ങളാണ് ഇവിടെയുണ്ടായത്. ബുധനാഴ്ച മാത്രം ഇവിടെ റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇനിയും ഭൂകമ്പമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ ജാപ്പനീസ് കാലാവസ്ഥാ ഏജൻസി നൽകുന്ന മുന്നറിയിപ്പ്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

തോകാര ദ്വീപ സമൂഹത്തിൽ ആകെ 700 കുടുംബങ്ങളാണ് ഉള്ളത്. ഇതിൽ പ്രധാനപ്പെട്ട ദ്വീപായ കഗോഷിമയിൽ 89 കുടുംബങ്ങളും. യകുഷിമ. അമാമിഒഷിമ ദ്വീപിലും സമാനമായ രീതിയിൽ ഭൂകമ്പമുണ്ടാകുന്നുണ്ട്.

ഭൂകമ്പത്തെ ജാപ്പനീസ് ബാബ വാംഗ എന്നറിയപ്പെടുന്ന റിയോ തത്സുകിയുടെ ജൂലായ് അഞ്ചിലെ ദുരന്ത പ്രവചനവുമായി ബന്ധപ്പെടുത്തിയാണ് ആളുകൾ കാണുന്നത്. തത്സുകിയുടെ പുസ്തകമായ ദി ഫ്യൂച്ചർ ഐ സോയിൽ ജൂലായ് അഞ്ചിന് പുലർച്ചെ 4.18ന് വലിയൊരു ദുരന്തമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ജപ്പാനും ഫിലീപ്പിൻസിനും ഇടയിൽ കടലിനടിയിൽ വലിയ വിള്ളലുണ്ടാകുമെന്നും 2011ലെക്കാൾ വലിയ തിരമാലകളുണ്ടാകുമെന്നാണ് പുസ്തകത്തിൽ പറയുന്നത്. ഈ പ്രവചനത്തിൽ പറയുന്ന ദിവസത്തിന് മൂന്നു ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത്.

പ്രവചനത്തെ തുടർന്ന് പലരും ജപ്പാൻ,​ ചൈന,​ ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടെ റദ്ദാക്കിയിരുന്നു. എന്നാൽ പ്രവചനത്തെ തള്ളി അധികൃതർ രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയില്ലെന്നും ഇവർ വിശദീകരിച്ചു. റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന സജീവ ഭൂകമ്പ മേഖലയിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഒരു വർഷം ചെറുതും വലുതുമായ 1500ൽ അധികം ഭൂചലനങ്ങൾ ജപ്പാനിൽ രേഖപ്പെടുത്താറുണ്ട്.