കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഈ ശീലമുണ്ടോ? ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളെ

Wednesday 02 July 2025 9:05 PM IST

കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ എല്ലാവരും ഏറ്റവും വലിയ പരിഗണന നല്‍കുന്നത് സുരക്ഷയ്ക്ക് തന്നെയാണ്. എന്നാല്‍ സുരക്ഷിതമെന്ന് കരുതി നാം ചെയ്യുന്ന പല കാര്യങ്ങളും വിപരീത ഫലമുണ്ടാക്കുന്നവയാണ്. അത്തരത്തില്‍ കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ നാം ശീലിച്ച് വന്ന ഒരു പ്രവണത വലിയ അപകടങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുകയും കാറില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുകയും ചെയ്യുന്നതോടെ കാര്യങ്ങള്‍ സുരക്ഷിതമായി എന്ന ചിന്തയാണ് പൊതുവേ നമുക്കുള്ളത്.

കാറില്‍ യാത്ര ചെയ്യുമ്പോള്‍ അച്ഛനും അമ്മയും സീറ്റ് ബെല്‍റ്റ് ധരിച്ച ശേഷം കുട്ടിയെ വാഹനം ഓടിക്കാതെ ഇരിക്കുന്ന ആളുടെ മടിയില്‍ ഇരുത്തുന്നതാണ് കണ്ട് വരാറുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്ന് മാത്രമല്ല അപകടത്തില്‍ കുട്ടിയുടെ ജീവന്‍ പോലും നഷ്ടപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നതാണ് യാഥാര്‍ത്ഥ്യം. സ്‌കൂളുകളിലും മറ്റും പരിശോധനയ്ക്ക് പോകുമ്പോള്‍ ഇത്തരത്തില്‍ മാതാപിതാക്കള്‍ കുട്ടികളെ സീറ്റ് ബെല്‍റ്റ് ഇട്ടതിന് ശേഷം മടിയില്‍ ഇരുത്തുന്നത് തെറ്റാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്താറുണ്ട്.

പൊതുവേ അമ്മമാരുടെ ധാരണ തങ്ങളുടെ മടിത്തട്ടില്‍ കുട്ടികള്‍ സുരക്ഷിതരാണെന്നാണ്. എന്നാല്‍ ഓടുന്ന കാറില്‍ ഇത് ഒരിക്കലും ശരിയല്ല. പെട്ടെന്നുള്ള ബ്രേക്കിടല്‍, കൂട്ടിയിടി പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കുട്ടി ഒരു എയര്‍ബാഗ് ആയി മാറുകയാണ് ചെയ്യുന്നത്. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടേയും മരണം നടന്ന അപകടത്തില്‍ അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. മടിയിലിരുന്ന കുട്ടി ഡാഷ് ബോര്‍ഡില്‍ തട്ടി മരിക്കുകയായിരുന്നു. കുട്ടികളുമായി യാത്ര ചെയ്യുന്വോള്‍ അവരെ പിന്‍സീറ്റില്‍ ഇരുത്തി സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുകയാണ് അമ്മയുടെ മടിയില്‍ ഇരുത്തുന്നതിനേക്കാള്‍ സുരക്ഷിതം.