മോഹൻലാൽ- അനൂപ് മേനോൻ ചിത്രം അടുത്ത വർഷം
മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഉപേക്ഷിച്ചില്ലെന്ന് നടൻ അനൂപ് മേനോൻ. അടുത്തവർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കൊൽക്കത്തയിലെ ദുർഗാപൂജ ചിത്രീകരിക്കുന്നുണ്ട്. 20 ദിവസത്തെ ചിത്രീകരണം അവിടെ നടക്കും . ആക്ഷൻ രംഗങ്ങൾ ആണ് ഇവിടെ ചിത്രീകരിക്കുന്നത്.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അഞ്ച് പാട്ടും മൂന്നു ഫൈറ്റുമുണ്ടാകും. തിരക്കഥ എഴുത്ത് പുരോഗമിക്കുന്നു. കൊൽക്കത്ത, തിരുവനന്തപുരം, ഷില്ലോംഗ് എന്നിവിടങ്ങളാണ് ലൊക്കേഷൻ. പ്രണയത്തിലൂടെയും സംഗീതത്തിലൂടെയും നടത്തുന്ന യാത്രയാണെന്ന് ചിത്രത്തെക്കുറിച്ച് മോഹൻലാൽ സമൂഹമാധ്യമത്തിൽ കുറിച്ചു. ടൈംലെസ് സിനിമാസ് പിൻമാറിയതിനാൽ പുതിയ നിർമ്മാതാക്കളാണ് ചിത്രം നിർമ്മിക്കുന്നതെന്ന്അനൂപ് മേനോൻ അറിയിച്ചു. അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഒൻപതാം ഷെഡ്യൂൾ എടപ്പാളിൽ പൂർത്തിയായി. മോഹൻലാൽ പങ്കെടുത്ത ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. നാലുദിവസത്തെ ചിത്രീകരണമാണ് എടപ്പാളിൽ പ്ളാൻ ചെയ്തിരുന്നത്. ചിത്രത്തിന്റെ പത്താം ഷെഡ്യൂൾ കൊച്ചിയിൽ അടുത്ത ദിവസം ആരംഭിക്കും എന്നാണ് വിവരം.ദിലീപ് ചിത്രം ഭ.ഭ. ബ, രജനികാന്തിന്റെ ജയിലർ 2 എന്നിവയാണ് മോഹൻലാലിനെ കാത്തിരിക്കുന്ന ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളിലും അതിഥി വേഷത്തിൽ മോഹൻലാൽ എത്തുന്നു. ഒക്ടോബറിൽ ആണ് മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ആരംഭിക്കുക. ദൃശ്യം 3 പൂർത്തിയായശേഷം അമൽ നീരദ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും.