ഫ്രാൻസിസ് മകളെ കൊന്നെന്ന് വിശ്വസിക്കാനാകാതെ നാട്

Thursday 03 July 2025 2:14 AM IST

ആലപ്പുഴ : രണ്ട് പെൺമക്കൾക്കു വേണ്ടി ജീവിക്കുന്ന അച്ഛൻ തന്നെ മകളുടെ ജീവനെടുത്തു എന്ന് വിശ്വസിക്കാനാവാത്ത നിലയിലായിരുന്നു ഇന്നലെ ഓമനപ്പുഴ. പകൽ സമയത്ത് ഓട്ടോറിക്ഷ ഓടിച്ചും രാത്രിയിൽ സെക്യുരിറ്റി ജോലി ചെയ്തും ഒഴിവ് വേളകളിൽ ബോട്ടുകളിൽ സഹായിയായി പോയുമൊക്കെയാണ് മാരാരിക്കുളം തെക്ക്​ പഞ്ചായത്ത്​ 15ാംവാർഡ്​​ കുടിയാംശ്ശേരി വീട്ടിൽ ​​ ഫ്രാൻസിസ് കുടുംബം പുലർത്തിയിരുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് മകൾ എയ്​ഞ്ചൽ ജാസ്മിനെ​ (28) കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്.

ഫ്രാൻസിസ് ഒരിക്കലും മനപ്പൂർവ്വം മകളുടെ ജീവനെടുക്കില്ലെന്ന് വിശ്വസിക്കുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നത് സംബന്ധിച്ച തർക്കമായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രദേശവാസികൾ കരുതുന്നത്. ഇന്നലെ പുലർച്ചെ കരച്ചിൽ കേട്ടാണ് പ്രദേശവാസികൾ വീട്ടിലേക്കെത്തിയത്. യുവതി ആത്മഹത്യ ചെയ്തതോ, ഹൃദയാഘാതമോ ആകാം മരണകാരണമെന്നാണ് പലരും ആദ്യം കരുതിയത്. പിന്നീടാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കുടുംബത്തിന് എല്ലാം അറിയാം?

എയ്ഞ്ചൽ സ്ഥിരമായി വീട്ടുകാരുമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച്ച നടന്ന വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ട മുറുക്കി. ഈ സമയം ഫ്രാൻസിന്റെ പിതാവ് സേവ്യറും മാതാവ് സൂസമ്മയും, ഭാര്യ സിന്ധുവും വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട കുടുംബം രാവിലെ വരെ വീടിനുള്ളിൽ പേടിച്ചിരുന്നു. പുലർച്ചെ ആറ് മണിക്ക് മകളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പറഞ്ഞ് കരയുന്നത് കേട്ടാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. മകൾ എങ്ങനെയോ മരിച്ചു എന്നാണ് കുടുംബം പറഞ്ഞിരുന്നത്. കഴുത്തിലെ പാട് ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പൊലീസിനെ സംശയം അറിയിച്ചത്. ഇന്നലെ രാത്രി പൊലീസ് സംഘമെത്തി വീട് പൂട്ടി.