ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്

Thursday 03 July 2025 1:16 AM IST

ആലപ്പുഴ: ജില്ലയിൽ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ 4671പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വെറെയും.

പകർച്ചപ്പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി, ചെള്ളുപനി, മലേറിയ എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടനാടൻ മേഖലകളിൽ വെള്ളക്കെട്ടിലൂടെ നടക്കുന്നവർക്ക് രക്താണുബാധ ഉണ്ടാകുന്നുണ്ട്. പലരും ഇത് സാധാരണ പനിയെന്ന് കരുതി സ്വയം ചികിത്സ തേടുകയാണ് പതിവ്. കാലുകളിൽ മുറിവുള്ളവർ വെള്ളക്കെട്ടിലൂടെ നടക്കുമ്പോൾ അണുക്കൾ ശരീരത്തിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്നും കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

പ്രതിരോധം പ്രധാനം

1.എലിപ്പനിക്കെതിരെ ജാഗ്രത വേണം. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. മുറിവുള്ളവർ മലിനജലവുമായുള്ള സമ്പർക്കം സൂക്ഷിക്കണം.

ഇത്തരം സാഹചര്യത്തിൽ ജോലിചെയ്യുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ ധരിക്കുന്നത് നല്ലതാണ്. പ്രതിരോധ ഗുളിക കഴിക്കണം

2.ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്). എലി,അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ കാണപ്പെടുന്നത്.എന്നാൽ, ചെള്ള് കടിക്കുന്നതിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്

3.ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം.കെട്ടിടത്തിന് അകത്തും പുറത്തും വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണം.കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം

പകർച്ചപ്പനി

ചികിത്സതേടിയവർ: 4671

ഡെങ്കിപ്പനി

സംശയിക്കുന്നവർ: 78

സ്ഥിരീകരിച്ചവർ: 19

എലിപ്പനി

സംശയിക്കുന്നവർ: 9

സ്ഥിരീകരിച്ചവർ:15

മരണം:1