നാലു വർഷം ; കണ്ണൂരിൽ സ്വയം മരണം വരിച്ചത് 2854 പേർ കുറയാതെ ആത്മഹത്യാനിരക്ക്

Wednesday 02 July 2025 10:07 PM IST

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ആത്മഹത്യയിൽ അഭയം തേടിയവരുടെ എണ്ണം ഞെട്ടിക്കുന്നത്. 2021 മുതൽ 2024 വരെയായി 2854 പേരാണ് സ്വന്തം നിലയിൽ മരണം തിരഞ്ഞെടുത്തത്. ഈ വർഷം മാർച്ച് മാസം വരെ മാത്രം 157 പേർ ആത്മഹത്യയിൽ അഭയം തേടിയെന്നും ക്രൈം റെക്കോർഡ് ബ്യൂറോ വെളിപ്പെടുത്തുന്നു. അയൽജില്ലയായ കാസർകോടും ആത്മഹത്യാനിരക്കിൽ കുറവല്ല. ഈ കാലയളവിൽ 1243 പേരാണ് കാസർകോട് ജീവൻ വെടിഞ്ഞത്.

ആത്മഹത്യാ മുനമ്പായി കണ്ണൂർ സിറ്റി പരിധി

കണ്ണൂർ ജില്ലയിൽ കണ്ണൂർ സിറ്റി പരിധിയിലാണ് കൂടുതൽ ആത്മഹത്യകൾ.2021-24 കാലയളവിൽ 1462 പേരാണ് ജീവനൊടുക്കിയത്.ഈ വർഷം മാർച്ചു വരെ 90 പേരും ജീവൻ ഉപേക്ഷിച്ചു. കണ്ണൂർ റൂറൽ പൊലീസ് ജില്ലയിൽ 2022 മുതൽ ഈ വർഷം മാർച്ച് വരെ 1332 പേരാണ് ആത്മഹത്യ ചെയ്തത്. ഈ വർഷം മാർച്ചുവരെയായി എഴുപത് പേർ സ്വയം ജീവനൊടുക്കിയതായാണ് പൊലീസ് രേഖകൾ.

കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ

2021- 241

2022-406

2023-414

2024-401

കണ്ണൂർ റൂറൽ പൊലീസ് പരിധി

2021-195

2022-353

2923-267

2024-350

കാസർകോട് ജില്ല

2021- 182

2022-307

2023-358

2024-326

പട്ടികവർഗമേഖലയിലും വർദ്ധനവ്

ജില്ലയിലെ പട്ടിക വർഗ മേഖലയിലും ആത്മഹത്യ വർദ്ധിച്ചു വരുന്നതായി കണക്കുകളുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗമാണ് പ്രധാന കാരണമായി പൊലീസ് കണ്ടെത്തുന്നത്. വർഷം തോറും ഈ കണക്ക് വർദ്ധിക്കുന്നത് ആശങ്ക.

2021-23

2022-26

2023-17

2024-28

മയക്കുമരുന്ന് തൊട്ട് കുടുംബപ്രശ്നങ്ങൾ വരെ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്നുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ, കട ബാദ്ധ്യത, പ്രണയനൈരാശ്യം, വിഷാദം, മാനസിക പ്രശ്‌നങ്ങൾ, കുടുംബങ്ങളിലെ പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് ആത്മഹത്യ ചെയ്യാനുള്ള പ്രധാന കാരണങ്ങളായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ജോലിസമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നവരും കുറവല്ല. കഴിഞ്ഞ ഫെബ്രുവരിയിൽ കുടിയാന്മല കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് കെ.പി ഉഷാകുമാരി ആത്മഹത്യ ചെയ്ത സംഭവം ഇതിൽ പെടുന്നു. വിരമിക്കാൻ കുറച്ചുനാൾ മാത്രം ബാക്കി നിൽക്കെയുണ്ടായ സ്ഥലംമാറ്റമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാരോപിച്ച് ഉഷാകുമാരിയുടെ സഹപ്രവർത്തരും കുടുംബവും പരാതി ഉന്നയിച്ചിരുന്നു. കടബാദ്ധ്യതമൂലം ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും ഒട്ടും കുറവല്ല.

മരണമല്ല ,​ജീവിതമാണ് ഹീറോയിസം