പൊന്മുടി റൂട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച പ്രതി അറസ്റ്റിൽ
വിതുര: പൊന്മുടി റൂട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും,സഞ്ചാരികളെ അസഭ്യം പറയുകയും,വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തയാളെ അറസ്റ്റുചെയ്തു.വെള്ളറട പനയം കിളിയൂർ കാരുണ്യാ ഭവനിൽ സുജി സുരേഷാണ് (32)അറസ്റ്റിലായത്. സുജിയും സംഘവും വാഹനത്തിൽ അമിതമായ ശബ്ദത്തിൽ പാട്ടിട്ട് ഷർട്ടൂരി വീശി അമിതവേഗതയിലാണ് പൊന്മുടി സന്ദർശിക്കാനെത്തിയത്.
വിതുര മുതൽ പൊന്മുടി വരെ വിനോദസഞ്ചാരികളെ അസഭ്യം പറയുകയും ചെയ്തു.പൊന്മുടിയിൽ പോയി മടങ്ങിവരവേ കല്ലാർ ഗോൾഡൻവാലി ചെക്ക് പോസ്റ്റിലെ വനപാലകരെയാണ് പ്രതി ആക്രമിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.സ്ത്രീകളെയും ചീത്ത വിളിച്ചു.തുടർന്ന് വിതുര സ്റ്റേഷൻ ഹൗസ്ഒാഫീസർ ജി.പ്രദീപ്കുമാർ,എസ്.ഐമാരായ മുഹമ്മദ് മുഹീസിൻ,കെ.കെ.പത്മരാജ്,എ.എസ്.ഐ ശ്രീകുമാർ എന്നിവർ ചേർന്ന് അക്രമിയെ പിടികൂടുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സുജിയുടെ പേരിൽ വെള്ളറട പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ നിലവിലുണ്ടെന്ന് വിതുര പൊലീസ് അറിയിച്ചു.