ഒന്നര കോടിയോളം വില വരുന്ന വീടും വസ്തുവും തട്ടിയെടുത്തു; 2 പേർ പിടിയിൽ
തിരുവനന്തപുരം: ഒന്നര കോടിയോളം വിലവരുന്ന ശാസ്തമംഗലം ജവഹർ നഗറിലെ വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.പുനലൂർ അയലമൺ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയിൽ ഫാം പഴയ ഫാക്ടറിക്ക് സമീപം പുതുപ്പറമ്പിൽ വീട്ടിൽ മെറിൻ ജേക്കബ് (27), വട്ടപ്പാറ മരുതൂർ ചീനിവിള പാലയ്ക്കാട് വീട്ടിൽ വസന്ത (75) എന്നിവരാണ് അറസ്റ്റിലായത്.
ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് പ്രതികൾ കൈക്കലാക്കിയത്.ഡോറ അമേരിക്കയിലുള്ളപ്പോഴായിരുന്നു സംഭവം. ഡോറയ്ക്ക് പകരം അതേ സാദൃശ്യത്തിലുള്ള വസന്തയെ മുന്നിൽനിറുത്തിയായിരുന്നു കഴിഞ്ഞ ജനുവരിയിൽ വീടും സ്ഥലവും കൈക്കലാക്കിയത്. ഡോറയുടെ വളർത്തുമകളാണ് മെറിനെന്ന് വരുത്തിത്തീർത്ത് വ്യാജ പ്രമാണം,വ്യാജ ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് ആ മാസം തന്നെ ചന്ദ്രസേനൻ എന്നയാൾക്ക് വിലയാധാരമായി എഴുതിക്കൊടുക്കുകയും ചെയ്തു. വീടും സ്ഥലവും മറ്റൊരാളിന്റെ പേരിലായെന്നറിഞ്ഞ് വീട് സൂക്ഷിപ്പുകാരനാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ രജിസ്റ്റർ ഓഫീസിൽ നൽകിയ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.അതിലുണ്ടായിരുന്ന ഫിംഗർ പ്രിന്റുകൾ പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു.കേസിൽ കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടാകും.എ.സി.പി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ,ബാലസുബ്രഹ്മണ്യൻ,സി.പി.ഒമാരായ ഉദയൻ,രഞ്ജിത്,ഷിനി,ഷംല,അരുൺ,അനൂപ്,സാജൻ,പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.