ദേശീയപാതയിൽ പാഴ് വാക്കായി നിർദ്ദേശം ചെളിക്കുളമായി സർവീസ് റോഡ്

Thursday 03 July 2025 12:55 AM IST

തൃശൂർ: ദേശീയപാതയിലെ മുടിക്കോടും കല്ലിടുക്കിലും സന്ദർശനം നടത്തി മന്ത്രി കെ.രാജനും കളക്ടറും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരോട് നൽകിയ നിർദ്ദേശം പാഴ് വാക്കായി. ഈ ഭാഗങ്ങളിൽ കുഴികൾ അടയ്ക്കാനും സർവീസ് റോഡിന്റെ വീതി കൂട്ടാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ നടപ്പിലാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ സർവീസ് റോഡുകൾ മണ്ണിട്ട് നികത്തിയതോടെ ചെളിക്കുളമായ അവസ്ഥയാണ്. മഴ പെയ്തതോടെ ഈ ഭാഗങ്ങളെല്ലാം ഒലിച്ച് പോയി. പ്രദേശത്ത് വൻ വാഹനക്കുരുക്കാണ് അനുഭവപ്പെടുന്നത്. മന്ത്രിയുടെ സന്ദർശനത്തിനുശേഷം വെയിലുള്ള ദിവസങ്ങളുണ്ടായിട്ടും കുഴികൾ അടയ്ക്കാനുള്ള സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.

വില്ലൻ കുഴികൾ

സർവീസ് റോഡുകളിലെ കുഴികളിൽപെട്ട് വാഹനങ്ങൾ വേഗത്തിൽ പോകാൻ കഴിയാത്തതാണ് കുരുക്ക് മുറുകാൻ കാരണമാകുന്നത്. കുഴികളിൽ ഇട്ട മണ്ണ് മഴ പെയ്തതോടെ ചെളിക്കുളമായി. കുഴിയിൽ ഇട്ട മണ്ണ് റോഡിലേയ്ക്ക് കയറി കിടക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജെ.സി.ബിയോ മറ്റ് യന്ത്രങ്ങളോ ഉപയോഗിച്ച് ഇത്തരം മണ്ണ് നീക്കം ചെയ്ത് റോഡ് നിരപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ നടപ്പായില്ല. അടിപ്പാതയുടെ നിർമ്മാണം തന്നെ മഴ മൂലം നിലച്ചിരിക്കുകയാണ്. മുടിക്കോട് ഒരു വശത്തെ നിർമാണം പൂർത്തിയാക്കിയെങ്കിലും മഴയായതിനാൽ മണ്ണിട്ട് ഉയർത്താൻ സാധിച്ചിട്ടില്ല.