ഒഴിയാതെ കുരുക്ക് ,​ ആംബുലൻസുകൾക്കും വഴിയില്ല

Thursday 03 July 2025 12:57 AM IST

തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്ക്,

തൃശൂർ: രോഗികളുമായി ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളിലേക്ക് ചീറിപ്പായുന്ന ആംബുലൻസുകൾക്കും തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ പുഴയ്ക്കലിൽ വഴിയില്ല. മറ്റ് വാഹനങ്ങൾക്കൊപ്പം ഏറെ നേരമാണ് ആംബുലൻസും കുരുങ്ങുന്നത്. ഇന്നലെ രാവിലെ എട്ടു മുതൽ പത്തു വരെ മുതുവറ മുതൽ അയ്യന്തോൾ റോഡ് വരെ ഗതാഗതം കുരുങ്ങി. അയ്യന്തോൾ റോഡിലും ഒരു കിലോമീറ്ററോളം നീണ്ടു വാഹനങ്ങളുടെ നിര. ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ മുണ്ടൂരിൽ നിന്ന് കുറ്റൂർ എം.എൽ.എ. റോഡ് വഴി പൂങ്കുന്നം വഴിയാണ് ചെറിയ വാഹനങ്ങൾ വന്നിരുന്നത്. എന്നാൽ കൊട്ടേക്കാട് മുണ്ടൂർ റോഡിൽ പൈപ്പിടൽ പ്രവൃത്തിയുടെ ഭാഗമായുള്ള റീസ്റ്റോറേഷൻ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നലെ മുതൽ വരടിയം സെന്റർ മുതൽ മുണ്ടൂർ സെന്റർ വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇതും കുരുക്ക് മുറുകാൻ കാരണമായി. തൃശൂർ ഭാഗത്തു നിന്നും മുണ്ടൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അമല -ചൂരക്കാട്ടുകര റോഡ് (അമല - വരടിയം) വഴി പോകാൻ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചിട്ടുണ്ട്.

മഴയിൽ വീണ്ടും പൊളിഞ്ഞ്...

പുഴയ്ക്കൽ ഒറ്റവരി ഗതാഗതമാക്കിയതോടെ റോഡിൽ വൻകുഴികൾ. മഴ ശക്തമായതോടെ ടാർ ഒലിച്ചുപോയി. റോഡ് പണി എപ്പോൾ പൂർത്തിയാകുമെന്നതിന് ഒരു വ്യക്തതയുമില്ല. അതേസമയം, അക്കിക്കാവ് മുതൽ പാറേമ്പാടം വരെയും ഗതാഗതപ്രശ്‌നം രൂക്ഷമാണ്. ഇവിടെ ടാറിടാനുള്ളത് രണ്ടര കിലോമീറ്റർ മാത്രമാണെങ്കിലും, റോഡിന്റെ പകുതിഭാഗം അടച്ചിട്ട് ഒരു മാസം പിന്നിട്ടു. രണ്ടര കിലോമീറ്റർ ദൂരം പിന്നിടാൻവേണ്ടി ദീർഘദൂര ബസുകളടക്കം താണ്ടേണ്ടത് എട്ടു കിലോമീറ്ററിലേറെയാണ്. തൃശൂർ, ഗുരുവായൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാറേമ്പാടം കുരിശ് സ്റ്റോപ്പിൽനിന്ന് പോർക്കുളം വഴി പഴഞ്ഞിയിലും അവിടെനിന്ന് അക്കിക്കാവിലും എത്തിവേണം പാലക്കാട്ടേക്കും കോഴിക്കോട്ടേക്കുമു പോകുന്ന റോഡിൽ പ്രവേശിക്കാൻ.

ചീറിപ്പാഞ്ഞ് ബസുക

അതിവേഗത്തിൽ വരുന്ന സ്വകാര്യബസുകളും ദീർഘദൂര ബസുകളും വിദ്യാർത്ഥികൾക്കും അപകടഭീഷണിയാകുന്നുണ്ട്. നിശ്ചിതസമയത്ത് എത്താൻ കഴിയാത്തതിനാൽ നിർമ്മാണം പൂർത്തിയാക്കിയ പാതകളിൽ അമിതവേഗത്തിലാണ് ബസുകൾ പായുന്നത്. സ്റ്റോപ്പുകളിൽ ബസുകൾ നിറുത്തുന്നില്ലെന്ന പരാതിയുമുണ്ട്.

നിർമ്മാണച്ചുമതല: പൊതുമരാമത്ത്

കെ.എസ്.ടി.പി വിഭാഗം

ദൂരം: പാറമേക്കാവ് ജംഗ്ഷൻ കല്ലുംപുറം.

നിയോജകമണ്ഡലങ്ങൾ : തൃശൂർ, വടക്കാഞ്ചേരി, മണലൂർ, കുന്നംകുളം.

ദൂരം: 33. 24 കി.മീ.