ഹൃദയാഘാത മരണം കൊവിഡ് വാക്‌സിൻ മൂലമല്ലെന്ന് കേന്ദ്രം

Thursday 03 July 2025 12:09 AM IST

ന്യൂഡൽഹി: യുവാക്കൾക്കിടയിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ) നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻ.സി.ഡി.സി) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്) നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണിത്.

ജീവിതശൈലി, പാരമ്പര്യം, മുമ്പുണ്ടായിരുന്ന രോഗങ്ങൾ, കൊവിഡ് അനന്തര സങ്കീർണതകൾ തുടങ്ങി പല കാരണങ്ങളാലും പെട്ടെന്നുള്ള ഹൃദയാഘാത മരണം സംഭവിക്കാം. ഇത് കൊവിഡ് വാക്‌സിനുകൾ മൂലമാണെന്ന പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ്. ഇന്ത്യയിലെ കൊവിഡ് വാക്‌സിനുകൾ സുരക്ഷിതമാണ്. ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാദ്ധ്യത വിരളമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

2021 ഒക്ടോബർ മുതൽ 2023 മാർച്ച് വരെയുള്ള കാലത്ത് 18-45 പ്രായക്കാർക്കിടയിലെ ഹൃദ്‌‌രോഗ മരണങ്ങളാണ് ഏജൻസികൾ പഠിച്ചത്. ഹൃദയത്തിലേക്കുള്ള രക്തമൊഴുക്ക് തടസപ്പെടുന്നതാണ് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിന് പ്രധാന കാരണമെന്നാണ് കണ്ടെത്തൽ.