വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ
മുംബയ്: നിരന്തരമായി വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപിക അറസ്റ്റിൽ.
മുംബയിലാണ് സംഭവം. പ്രമുഖ സ്‌കൂളിലെ 40 വയസുകാരിയായ ഇംഗ്ലീഷ് അദ്ധ്യാപികയാണ് അറസ്റ്റിലായത്.
ഇവർ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 2023 ഡിസംബറിൽ വിദ്യാർത്ഥി പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് നൃത്തസംഘം ഒരുക്കുന്നതിനായി വിവിധ മീറ്റിംഗുകൾ നടന്നിരുന്നു. ഈ സമയം താൻ കൗമാരക്കാരനിൽ ആകൃഷ്ടയായി എന്നാണ് അദ്ധ്യാപിക പൊലീസിന് നൽകിയ മൊഴി. ആദ്യം വിദ്യാർത്ഥി അദ്ധ്യാപികയെ ഒഴിവാക്കാൻ ശ്രമിച്ചു. ഈ സമയം സ്‌കൂളിനുപുറത്തുള്ള സ്ത്രീ സുഹൃത്തിനെ സമീപിച്ച് അദ്ധ്യാപിക സഹായം തേടി. സുഹൃത്ത് വിദ്യാർത്ഥിയെ കണ്ടു. പ്രായമായ സ്ത്രീകളും കൗമാരക്കാരും തമ്മിലുള്ള ബന്ധം വളരെ സാധാരണമാണെന്നും ഇരുവരും നല്ല ചേർച്ചയാണെന്നും അറിയിച്ചു. ഒടുവിൽ ആൺകുട്ടി അദ്ധ്യാപികയെ കാണാൻ തീരുമാനിച്ചു.
പിന്നീട് അദ്ധ്യാപിക വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വിദ്യാർത്ഥിയെ നഗ്നനാക്കി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ മാനസിക പ്രയാസം നേരിട്ട വിദ്യാർത്ഥിക്ക് ഉത്കണ്ഠയുൾപ്പെടെ മറികടക്കാനുള്ള മരുന്നുകളും നൽകി.
മദ്യപാനിയായ അദ്ധ്യാപിക പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം വിദ്യാർത്ഥിയെ നിരവധി തവണ എത്തിച്ച് പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റം ശ്രദ്ധിച്ച മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതോടെ അദ്ധ്യാപികയുടെ ശല്യം ഉണ്ടാകില്ലെന്ന് കരുതിയ കുടുംബം സംഭവം പുറത്തറിയിച്ചില്ല. എന്നാൽ, പ്ലസ് ടു പാസായ ശേഷവും അദ്ധ്യാപിക പിന്തുടർന്നു. വീട്ടുജോലിക്കാർ വഴി അവർ വിദ്യാർത്ഥിയെ സമീപിച്ചു. തുടർന്ന് കുടുംബം പൊലീസിനെ സമീപിച്ചു. കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്.