സോണിയയും രാഹുലും 50 ലക്ഷം നൽകി 2000 കോടിയുടെ സ്വത്ത് തട്ടിയെടുത്തു: ഇ.ഡി
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ വാദമുഖങ്ങൾ ശക്തമാക്കി ഇ.ഡി. ഇരു നേതാക്കളും 50 ലക്ഷം നൽകി അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 2000 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന് ഡൽഹി റൗസ് അവന്യു കോടതിയെ അറിയിച്ചു. ഇതിനായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. ഡൽഹി, ലക്‌നൗ, ഭോപ്പാൽ, ഇൻഡോർ, പാട്ന, പഞ്ച്കുല എന്നിവിടങ്ങളിലായിരുന്നു സ്വത്തുക്കൾ. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്നത് അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡാണ്. കേസിലെ കുറ്റപത്രം സ്വീകരിക്കണമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു കോടതി. കുറ്റപത്രം സ്വീകരിക്കണമെന്നും, വിചാരണയ്‌ക്ക് ആവശ്യമായ തെളിവുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.
വിശ്വസ്‌തരെ ഡയറക്‌ടർമാരാക്കി
സോണിയക്കും രാഹുലിനും 38 ശതമാനം വീതം ഓഹരിയുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡാണ്, എ.ജെ.എല്ലിന്റെ സ്വത്തുക്കൾ ഏറ്റെടുത്തത്. യംഗ് ഇന്ത്യ രൂപീകരിച്ചതിനുപിന്നിലും ഗൂഢാലോചനയുണ്ട്. നേതാക്കളുടെ വിശ്വസ്‌തരെ എ.ജെ.എല്ലിന്റെ ഡയറക്‌ടർമാരാക്കി. പണം തട്ടുന്നതിനായി വ്യാജ ഇടപാടുകൾ അവർ മുഖേന നടത്തിയെന്നും ഇ.ഡി ആരോപിച്ചു. പ്രത്യേക ജഡ്‌ജി വിശാൽ ഗോഗ്നെയ്‌ക്ക് മുന്നിൽ ഇന്നും വാദം തുടരും. പ്രതിപട്ടികയിലുള്ള സോണിയ, രാഹുൽ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റി സുമൻ ദുബെ തുടങ്ങിയവരുടെ വാദം കൂടി കേട്ട ശേഷമായിരിക്കും ഇ.ഡി കുറ്റപത്രം സ്വീകരിക്കണമോയെന്നതിൽ കോടതി തീരുമാനമെടുക്കുന്നത്. 2014ൽ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി അന്വേഷണം.