ഷെയ്ഖ് ഹസീനയ്ക്ക് 6 മാസം തടവ്
Thursday 03 July 2025 7:11 AM IST
ധാക്ക: കോടതിയലക്ഷ്യ കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് വിധിച്ച് ബംഗ്ലാദേശ് കോടതി. ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിന്റേതാണ് (ഐ.സി.ടി) വിധി. ഹസീന അറസ്റ്റ് ചെയ്യപ്പെടുകയോ കോടതിയിൽ കീഴടങ്ങുകയോ ചെയ്താൻ ഉടൻ ജയിൽ ശിക്ഷ തുടങ്ങും. കഴിഞ്ഞ ആഗസ്റ്റിൽ രാജിവച്ച് ഇന്ത്യയിൽ അഭയംതേടിയ ഹസീനയ്ക്കെതിരെയുള്ള ആദ്യ ശിക്ഷാ വിധിയാണിത്. കൊലക്കുറ്റം, രാജ്യദ്രോഹം, കലാപം അടക്കം 225ലേറെ കേസുകളാണ് ബംഗ്ലാദേശ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ മാസമാണ് ഹസീനയ്ക്കെതിരെ ഐ.സി.ടി ഔദ്യോഗിക വിചാരണ തുടങ്ങിയത്. സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ വിദ്യാർത്ഥികൾ തുടങ്ങിയ പ്രക്ഷോഭം രാജ്യവ്യാപക കലാപത്തിൽ കലാശിച്ചതോടെയാണ് ഹസീന സർക്കാർ നിലംപതിച്ചത്.