ട്രംപിന്റെ നാടുകടത്തൽ ഭീഷണി: ഏറ്റുമുട്ടാതെ മസ്‌ക്

Thursday 03 July 2025 7:12 AM IST

വാഷിംഗ്ടൺ: തനിക്കെതിരെ നാടുകടത്തൽ ഭീഷണി മുഴക്കിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടിയുമായി ശതകോടീശ്വരനും ടെസ്‌ല,സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോൺ മസ്‌ക്. ട്രംപിന്റെ പ്രതികരണം കാര്യങ്ങൾ കൂടുതൽ വഷളാക്കിയേക്കാവുന്ന വലിയ പ്രലോഭനമാണെന്നും പക്ഷേ തത്ക്കാലത്തേക്ക് താൻ അതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും മസ്‌ക് പറഞ്ഞു.

ഇതിനിടെ,ഗാസയിൽ വെടിനിറുത്തലിനുള്ള യു.എസ് കരാറിന്റെ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് മസ്ക്, എക്സിൽ പങ്കുവച്ചു. അംഗീകരിക്കേണ്ടത് അംഗീകരിക്കണമെന്നും,ട്രംപ് ലോകമെമ്പാടുമുള്ള ഗുരുതരമായ നിരവധി സംഘർഷങ്ങൾ വിജയകരമായി പരിഹരിച്ചെന്നും മസ്‌ക് കുറിച്ചു.

സർക്കാരിന്റെ ടാക്സ്-ബഡ്ജറ്റ് ബില്ലിനെ മസ്ക് നിരന്തരം വിമർശിച്ചിരുന്നു. ഇതോടെ മസ്ക് കട അടച്ച് ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോകേണ്ടി വരുമെന്ന് ട്രംപ് വിമർശിച്ചു. മസ്കിനെ നാടുകടത്തുമോ എന്ന ചോദ്യത്തിന് 'തനിക്ക് അറിയില്ല, നമുക്ക് നോക്കേണ്ടി വരും" എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ദക്ഷിണാഫ്രിക്കയിൽ ജനിച്ച മസ്ക് കാനഡയിലേക്കും പിന്നീട് യു.എസിലേക്കും കുടിയേറുകയായിരുന്നു.