ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ
ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (ഐ.എ.ഇ.എ) സഹകരണം അവസാനിപ്പിച്ച് ഇറാൻ. കഴിഞ്ഞ ആഴ്ചയാണ് ഇതു സംബന്ധിച്ച ബില്ല് ഇറാൻ പാർലമെന്റിൽ പാസായത്. പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ഇന്നലെ ഒപ്പിട്ടതോടെ നിയമം പ്രാബല്യത്തിൽ വന്നു.
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ അനുമതിയില്ലാതെ ഐ.എ.ഇ.എയ്ക്ക് ഇനി രാജ്യത്തെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ കഴിയില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുന്നു.
ഇറാൻ ആണവ നിർവ്യാപന ഉടമ്പടി ലംഘിച്ചെന്ന് ഐ.എ.ഇ.എ ബോർഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സഹകരണം അവസാനിപ്പിക്കാൻ രാജ്യം തീരുമാനിച്ചത്. രാജ്യത്തെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും യു.എസും നടത്തിയ വ്യോമാക്രമണത്തെ ഐ.എ.ഇ.എ ന്യായീകരിക്കുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തുന്നു.
ഫോർഡോയ്ക്ക് നാശം
ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോയ്ക്ക് യു.എസ് ബോംബാക്രമണത്തിൽ ഗുരുതര നാശനഷ്ടമുണ്ടായെന്ന് സമ്മതിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി. വിലയിരുത്തൽ തുടരുകയാണെന്നും പറഞ്ഞു. യു.എസ് ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ ഒന്നും സംഭവിച്ചില്ലെന്നാണ് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി മുമ്പ് പ്രഖ്യാപിച്ചത്.