മാലിയിൽ തൊഴിലാളികളായ ഇന്ത്യക്കാരെ അൽ ക്വയിദ തട്ടിക്കൊണ്ടുപോയി, മോചനശ്രമങ്ങളുമായി ഇന്ത്യ

Thursday 03 July 2025 10:02 AM IST

ബമാകോ: മാലിയിലെ സിമന്റ് ഫാക്‌ടറി തൊഴിലാളികളായ മൂന്ന് ഇന്ത്യക്കാരെ അൽ ക്വയിദ ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കയേസിലുള്ള ഡയമണ്ട് സിമന്റ് ഫാക്‌ടറിയിൽ തോക്കുകളുമായി എത്തി ആക്രമണം നടത്തിയാണ് മൂന്നുപേരെ സംഘം തട്ടിക്കൊണ്ടുപോയത്. അൽ ക്വയിദയുമായി ചേർന്ന് പ്രവർത്തിക്കുന്ന ജമാഅത്ത് നുസ്രത് അൽ ഇസ്ളാം വൽ മുസ്ളിമിൻ (ജെഎൻഐഎം) എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

സംഭവത്തെ അപലപിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കാണാതായ തൊഴിലാളികളുടെ സുരക്ഷിതമായ വിടുതലിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മാലി സർക്കാരിനോട് ആവശ്യപ്പെട്ടു. 'ജൂലായ് ഒന്നിനാണ് സംഭവം നടന്നത്. ആയുധധാരികളായ ഒരുസംഘം ഫാക്‌ടറി പരിസരത്ത് അതിക്രമിച്ച് കയറുകയും മൂന്ന് ഇന്ത്യൻ പൗരമാരെ ബലമായി പിടിച്ചുകൊണ്ട് പോവുകയുമായിരുന്നു. സംഭവത്തെ ഇന്ത്യൻ ഗവൺമെന്റ് ശക്തമായി അപലപിക്കുന്നു. നമ്മുടെ പൗരന്മാ‌ർ സുരക്ഷിതമായി നാട്ടിലേയ്ക്ക് മടങ്ങുന്നതിന് ആവശ്യമായ എല്ലാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് മാലി സർക്കാരിനോട് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്'- കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്‌‌താവനയിൽ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ബമാകോയിലെ ഇന്ത്യൻ എംബസി മാലി അധികൃതരുമായും ഡയമണ്ട് ഫാക്‌ടറി മാനേജ്‌മെന്റുമായും നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ബന്ദികളാക്കിയ തൊഴിലാളികളുടെ വീട്ടുകാരുമായും കേന്ദ്രസർക്കാർ ആശയവിനിമയം നടത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും വിദേശകാര്യ മന്ത്രാലയം വാഗ്ദാനം ചെയ്തു. മാലിയിലെ എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.