'കാലിൽ തൊട്ടുതൊഴാത്തതിന് എന്റെ അവസരങ്ങൾ കളഞ്ഞു, അവരെ പേടിച്ചാണ് ആരും മിണ്ടാത്തത്'; കൽപ്പനയ്‌ക്കെതിരെ നടി

Thursday 03 July 2025 11:24 AM IST

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മിനു മുനീർ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ മിനു ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് ബാലചന്ദ്ര മേനോൻ മിനുവിനെതിരെ പൊലീസിൽ പരാതിപ്പെട്ടു. അതിന്റെ ഭാഗമായി പൊലീസ് നടിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ മിനു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കാലിൽ തൊട്ട് തൊഴുതില്ലെന്ന പേരിൽ തന്നെ സ്റ്റേജ് ഷോകളിൽ നിന്നുൾപ്പെടെ പറഞ്ഞുവിട്ടിട്ടുണ്ടെന്നും താരങ്ങളെ ഭയന്നാണ് പലരും കഴിയുന്നതെന്നും മിനു പറഞ്ഞു. നടി കൽപ്പനയിൽ നിന്നുണ്ടായ മോശം അനുഭവവും അവർ പങ്കുവച്ചു.

'വർഷങ്ങൾക്ക് മുമ്പാണ് സംഭവം. നടന്മാരെ പേടിച്ചും കാലുതൊട്ട് തൊഴുതുമൊക്കെയാണ് പലരും സിനിമാ ഫീൽഡിൽ പിടിച്ചുനിൽക്കുന്നത്. കാലിൽ തൊട്ട് തൊഴുതില്ലെന്ന പേരിൽ എന്നെ പലയിടത്ത് നിന്നും പറഞ്ഞ് വിട്ടിട്ടുണ്ട്. ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോഴുള്ള അനുഭവം ഞാൻ പറയാം. മരിച്ചുപോയ വ്യക്തികളെക്കുറിച്ച് പറയാൻ പാടില്ലാത്തതാണ്. നടി കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ. ആ സ്‌ത്രീ എന്റെ ഗുരുവോ അപ്പനോ അമ്മയോ അല്ല അതുകൊണ്ട് ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു.

എന്നോട് അവർക്ക് ഭയങ്കര ദേഷ്യമായിരുന്നു. സീനിയർ നടിമാർക്കെല്ലാം ജൂനിയറായി വരുന്നവർ കാലിൽ തൊട്ട് തൊഴണമെന്നുള്ളത് നിർബന്ധമാണ്. ഇപ്പോഴും അങ്ങനെയാണ്. പുതിയതായിട്ട് ഫീൽഡിലേക്ക് വരുന്നവരുടെ പരിപാടി സീനിയറായിട്ടുള്ള നടീനടന്മാരുടെ കാലിൽ തൊടുക, വന്ദിക്കുക എന്നതാണ്. അതിന്റെ ആവശ്യമില്ല. മാതാപിതാക്കളാണ് നമ്മുടെ കാണപ്പെട്ട ദൈവം. അവർക്കും ഗുരുക്കന്മാർക്കും ബഹുമാനം കൊടുത്താൽ പോരേ' - മിനു മുനീർ പറഞ്ഞു.