സാമ്പത്തിക ബങ്കർ ബസ്റ്റർ ഭീഷണിക്ക് പിന്നാലെ അയഞ്ഞ് അമേരിക്ക, ഇന്ത്യയുമായി പത്ത് വർഷത്തെ പ്രതിരോധ പങ്കാളിത്തം
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും പത്ത് വർഷത്തെ പുതിയ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂടിൽ ഒപ്പുവയ്ക്കാനൊരുങ്ങുന്നതായി പെന്റഗൺ. കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷമായിരിക്കുമിതെന്നും പെന്റഗൺ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്‌ച സിംഗും ഹെഗ്‌സെത്തുമായി നടത്തിയ ഫോൺ സംഭാഷണത്തിനുശേഷമാണ് തീരുമാനമെന്ന് യുഎസ് പ്രതിരോധ വക്താവ് കേണൽ ക്രിസ് ഡിവൈൻ അറിയിച്ചു. ഇതേദിവസം തന്നെ പെന്റഗണിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറുമായി ഹെഗ്‌സെത്ത് കൂടിക്കാഴ്‌ച നടത്തുകയും ചെയ്തിരുന്നു. ദക്ഷിണേഷ്യയിലെ പ്രധാന പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും കേണൽ വ്യക്തമാക്കി.
യുഎസ് പ്രതിരോധ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്‌ചയ്ക്കിടെ പ്രതിരോധ പങ്കാളിത്തം, ഏഷ്യ- പസിഫിക് മേഖലയിലെ സുരക്ഷ, ആധുനിക സാങ്കേതിക നയത്തിലെ പുരോഗതി, ഇൻഡസ്-എക്‌സ് സമ്മേളനം, ഓട്ടോണമസ് സിസ്റ്റംസ് ഇൻഡസ്‌ട്രി അലയൻസ് എന്നിവ സംബന്ധിച്ച് ജയ്‌ശങ്കർ ചർച്ച നടത്തി. പ്രതിരോധ പങ്കാളിത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ശക്തമായ അടിത്തറ പാകിയതായി യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിൽ യുഎസ് പ്രതിരോധ ഉപകരണങ്ങൾ സംയോജിപ്പിച്ചതിൽ സന്തുഷ്‌ടരാണെന്ന് ഹെഗ്‌സെത്ത് പറഞ്ഞു. ഇന്ത്യയുമായി കൂടുതൽ പ്രതിരോധ ഇടപാടുകൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിരോധ- വ്യാപാര ഇടപാടുകൾ വർദ്ധിപ്പിക്കാനാകുമെന്ന് കരുതുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.