മകളുടെ കഴുത്ത് ഞെരിച്ചപ്പോൾ ഭാര്യ കൈ പിടിച്ചുവച്ചു, എയ്ഞ്ചൽ കൊലക്കേസിൽ ജോസ്‌മോന് പിന്നാലെ അമ്മയും അറസ്റ്റിൽ

Thursday 03 July 2025 11:50 AM IST

ആലപ്പുഴ: മാരാരിക്കുളത്ത് മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിൽ അമ്മയും അറസ്റ്റിലായി. എയ്ഞ്ചൽ ജാസ്‌മിന്റെ അമ്മ ജെസിമോളാണ് അറസ്റ്റിലായത്. സംഭവത്തിൽ കഴിഞ്ഞ ദിവസം തന്നെ യുവതിയുടെ പിതാവ് ജോസ്‌മോൻ എന്ന ഫ്രാൻസിസിനെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകളെ കൊല്ലാൻ ജെസിമോളും സഹായിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ജോസ്‌മോൻ തോർത്തുപയോഗിച്ച് എയ്ഞ്ചലിന്റെ കഴുത്ത് മുറുക്കിയപ്പോൾ ജെസിമോൾ മകളുടെ കൈകൾ പിടിച്ചു വച്ചിരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കൊലപാതക വിവരം മറച്ചുവച്ചതിന് യുവതിയുടെ അമ്മാവൻ അലോഷ്യസിനെയും പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ജോസ്‌മോനും ജെസിമോളും ചേർന്ന് മകളെ കൊലപ്പെടുത്തിയത്. കഴുത്തിലെ രണ്ട് രക്തക്കുഴലുകള്‍ പൊട്ടിയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്. മൂന്ന് വർഷം മുമ്പാണ് എയ്ഞ്ചൽ വിവാഹിതയായത്. ഭർത്താവുമായി പിണങ്ങിയ യുവതി കഴിഞ്ഞ ആറ് മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം. വീട്ടിലെത്തിയ എയ്ഞ്ചൽ അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വഴിക്കിടുന്നത് പതിവായിരുന്നുവെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രി ജോസ്‌മോൻ തടഞ്ഞെടങ്കിലും എയ്ഞ്ചൽ സ്കൂട്ടറെടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. തിരികെ എത്തിയപ്പോൾ യുവതിയും അച്ഛനുമായി തർക്കമുണ്ടാകുകയും ചെയ്തു. ഇതിനിടെ തറയില്‍ വീണ തോര്‍ത്തുപയോഗിച്ച് പ്രതി മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയം ജെസിമോളും ഒപ്പമുണ്ടായിരുന്നു. അന്നുതന്നെ മകള്‍ മരിച്ചെന്ന് രണ്ടുപേർക്കും ഉറപ്പായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൃത്യം നടത്തിയശേഷം എല്ലാവരും കിടന്നുറങ്ങുകയായിരുന്നു. പിറ്റേന്ന് രാവിലെ യാതൊരു ഭാവമാറ്റവും ഇല്ലാതെ അയൽവാസികളോട് ജെസിമോളും ജോസ്‌മോനും പെരുമാറി.

പള്ളിയിൽ പോകാന്‍ വിളിച്ചപ്പോള്‍ അനക്കമില്ലെന്നും മകൾ മരിച്ചുകിടക്കുകയായിരുന്നുവെന്നുമാണ് അയൽവാസികളോട് ജോസ്‌മോൻ പറഞ്ഞത്. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ജോസ്‌മോനും ഭാര്യ ജെസിയും അലമുറയിട്ട് കരയുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹ പരിശോധനയിലാണ് യുവതിയുടെ കഴുത്തിലെ പാടുകളിൽ പൊലീസിന് സംശയമുണ്ടാക്കിയത്. ജോസ്‌മോനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. 'സഹികെട്ട് ചെയ്തുപോയതാ സാറേ' എന്നായിരുന്നു ജോസ്‌മോൻ പൊലീസിനോട് പറഞ്ഞത്.

എയ്ഞ്ചൽ കന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും പഠനം പൂർത്തിയാക്കാതെ തിരിച്ചു വരികയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീടാണ് തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചത്. കുട്ടികളില്ല. ഇരുവരും എന്തിനാണ് പിണങ്ങി താമസിച്ചതെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്.