ദൈവം പ്രത്യക്ഷപ്പെട്ട കേരളത്തിലെ അതിപുരാതന ക്ഷേത്രം; പ്രത്യേകതകൾ ഏറെ
കേരളത്തിലെ പ്രശസ്‌തവും പുരാതനവുമായ മഹാക്ഷേത്രങ്ങളിലൊന്നാണ് തളിമഹാദേവ ക്ഷേത്രം. അനുഷ്ഠാനകലകളുടെ കേന്ദ്രമെന്നും ഇത് അറിയപ്പെടുന്നു. ശൈലാധിപനായ പരമശിവനും സമുദ്രത്തില്‍ പള്ളികൊള്ളുന്ന മഹാവിഷ്ണുവും ഒരേ വാസ്തുവിനുള്ളിൽ കുടികൊള്ളുന്നു എന്ന പ്രത്യേകതയും തളിക്ഷേത്രത്തിനുണ്ട്.
പരശുരാമനുമായി ബന്ധപ്പെട്ടാണ് തളി ക്ഷേത്രത്തിന്റെ ചരിത്രം പറയുന്നത്. ഒരിക്കൽ പരമശിവൻ കുടുംബസമേതം ഇവിടെ പ്രത്യക്ഷപ്പെട്ടു എന്നൊരു ഐതീഹ്യമുണ്ട്. ആ ദിവ്യ ജ്യോതിസ് ഉടൻതന്നെ സ്വയം ഒരു ജ്യോതിർ ലിംഗമായി പരിണമിച്ചു. ഈ സാന്നിദ്ധ്യത്തെ നാടിന്റെ ഭാഗ്യാനുഭവമാക്കുന്നതിനുവേണ്ടി പരശുരാമൻ അവിടെ സുരക്ഷിതമാക്കി.
കുറച്ച് കാലങ്ങൾ കഴിഞ്ഞ് സാമൂതിരി രാജാവിന്റെ ശ്രദ്ധയിൽപ്പെടുകയും വൈകാതെ തന്നെ ഇവിടെ ഒരു മഹാക്ഷേത്രം പണിയുകയും ചെയ്തു. ഗണപതി, ശാസ്താവ്, മഹാവിഷ്ണു, ഉഗ്രനരസിംഹമൂർത്തി, മഹേശ്വരൻ എന്നിവരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. 1976ൽ ധ്വജ പ്രതിഷ്ഠ നടത്തി ഇപ്പോൾ ക്ഷേത്രത്തിലെ പ്രവർത്തനങ്ങൾ തുടർന്നുപോരുകയാണ്.