അംബാനിയുടെ കമ്പനിക്ക് ഫ്രോഡ് മുദ്ര ചാർത്തി എസ്‌ബിഐ, മറ്റ് ബാങ്കുകളും സമാന നടപടിയിലേക്കെന്ന് റിപ്പോർട്ട്

Thursday 03 July 2025 4:45 PM IST

ന്യൂഡൽഹി: അനിൽ അംബാനി നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ (ആർകോം) അക്കൗണ്ടുകളെ തട്ടിപ്പ് (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തി റിസർവ് ബാങ്കിന് റിപ്പോർട്ട് ചെയ്യാൻ എസ്‌ബിഐ. ബാങ്ക് വായ്‌പകൾ വകമാറ്റി ചെലവഴിച്ചതോടെയാണ് അക്കൗണ്ടുകൾ തട്ടിപ്പ് ഇനത്തിൽ ഉൾപ്പെടുത്തിയത്. റിപ്പോർട്ടിൽ അനിൽ അംബാനിയുടെ പേരും ഉൾപ്പെടുത്തുമെന്നാണ് എസ്‌ബിഐ അറിയിച്ചിരിക്കുന്നത്. ആർകോമിന് വായ്‌പ നൽകിയ മറ്റ് ബാങ്കുകളും സമാന നടപടി സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.

എന്നാൽ അനിൽ അംബാനിയുടെ വാദം കേൾക്കാതെ ഏകപക്ഷീയമായാണ് എസ്‌ബിഐയുടെ നടപടിയെന്ന് അദ്ദേഹത്തിനുവേണ്ടി കേസുകൾ കൈകാര്യം ചെയ്യുന്ന അഗർവാൾ ലോ അസോസിയേറ്റ്‌സ് ആരോപിച്ചു. അനിൽ അംബാനി കമ്പനിയുടെ നോൺ- എക്‌സിക്യൂട്ടീവ് ഡയറക്‌ടർ മാത്രമായിരുന്നു. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളിലോ തീരുമാനങ്ങളിലോ അദ്ദേഹത്തിന് പങ്കുണ്ടായിരുന്നില്ല. വായ്‌പകൾ നിഷ്‌ക്രിയ ആസ്‌തിയായതിനെത്തുടർന്ന് ( നോൺ പെർഫോമിംഗ് അസറ്റ്‌സ്, എൻപിഎ) പാപ്പരത്ത (ഇൻസോൾവൻസി ആന്റ് ബാങ്ക്‌റപ്‌റ്റ്‌സി, ഐബിസി) നടപടി നേരിടുകയാണ് ആർകോം. കമ്പനി നിലവിൽ പ്രവർത്തിക്കുന്നില്ല. കമ്പനിയു‌ടെ ഓഹരികളുടെ വ്യാപാരവും സസ്‌പെൻഡ് ചെയ്തിരുന്നു. ഫ്രോഡ് മുദ്ര ചാർത്തും മുൻപ് എസ്‌ബിഐ അനിൽ അംബാനിയെ കേൾക്കുകയോ ഇതുസംബന്ധിച്ച രേഖകൾ നൽകുകയോ ചെയ്തിട്ടില്ല. ഫ്രോഡ് മുദ്ര ചാർത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും അഗർവാൾ ലോ അസോസിയേറ്റ്‌സ് ആവശ്യപ്പെട്ടു.

എസ്‌ബിഐയുടെ നീക്കത്തിന്റെ ഫലമായി അനിൽ അംബാനിക്കും കമ്പനിയുടെ മറ്റ് ഡയറക്‌ടർമാർക്കും അഞ്ച് വർഷത്തേയ്ക്ക് ബാങ്കുകളുടെ വിലക്ക് നേരിടേണ്ടി വരും. ആർകോമും അനുബന്ധ സ്ഥാപനങ്ങളും 31,580 കോടി രൂപയാണ് വിവിധ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്തത്. ഇതിൽ 13,667 കോടി രൂപ ആർകോമിന്റെ മറ്റ് വായ്‌പകളും ബാദ്ധ്യതകളും തീ‌ർക്കാനായി ചെലവഴിച്ചു. സമാനമായ രീതിയിൽ ബാക്കിത്തുകയും വകമാറ്റിയെന്നാണ് എസ്‌ബിഐയുടെ ഫ്രോഡ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി കണ്ടെത്തിയത്. 2025 മാർച്ചുവരെയുള്ള കണക്കുകൾ പ്രകാരം കമ്പനിയുടെ മൊത്തം കടബാദ്ധ്യത 40,413 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ.