നാടിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ അഞ്ചുപെണ്ണുങ്ങൾ, മൺപാത്ര നിർമാണം ഇവരുടെ കൈകളിൽ ഭദ്രം

Thursday 03 July 2025 4:52 PM IST

പത്തനംതിട്ട: മൺപാത്രങ്ങളുടെ കാലം കഴിഞ്ഞെന്നുകരുതേണ്ട,​ മൺപാത്ര നി‌ർമ്മാണം ജീവിതത്തിന്റ ഭാഗമാക്കിയ പെൺസംഘം ചെങ്ങന്നൂർ കല്ലിശേരിയിലുണ്ട്. കല്ലിശേരി മുത്താരമ്മൻ കലാകേന്ദ്രയിലെ സജിനി, രാധാ തങ്കച്ചൻ, ലളിതാ രാധാകൃഷ്ണൻ, പ്രസന്നകുമാരി, കുമാരി നാരായണൻ എന്നിവരുടെ കൈകളിൽ മൺപാത്രങ്ങൾ മാത്രമല്ല,​ മണ്ണുകൊണ്ടുള്ള കലാവിരുതുകളും ഭദ്രമാണ്. ഒരുകാലത്ത് മൺപാത്രനിർമ്മാണത്തിന്റെ കേന്ദ്രമായിരുന്ന കല്ലിശേരി പിന്നീട് വെറും കുലത്തൊഴിലായി രണ്ട് കുടുംബത്തിലേക്ക് ഒതുങ്ങി. തുടർന്ന് നാടിന്റെ പാരമ്പര്യം നഷ്ടപ്പെടാതിരിക്കാൻ സ്ഥലം എം.എൽ.എയായ മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്താണ് മുത്താരമ്മൻ കലാകേന്ദ്രം ആരംഭിച്ചത്. സ്ത്രീശാക്തീകരണമെന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.

പ്രതിസന്ധികൾ

19 സ്ത്രീകൾക്ക് കളിമൺ പാത്ര നിർമ്മാണത്തിൽ പരിശീലനം നൽകി. പക്ഷേ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനയും ലഭ്യതക്കുറവും ഉത്പന്നങ്ങൾക്ക് ആവശ്യക്കാരില്ലാത്തതും കൂലി കുറവും പലരെയും പിന്നോട്ടാക്കി. ഇപ്പോൾ അഞ്ചുപേർ മാത്രമാണുള്ളത്. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും മേളകൾ നടക്കുമ്പോഴാണ് ഉത്പന്നങ്ങൾക്ക് ചെലവുള്ളത്. അല്ലാത്തപ്പോൾ എം.സി റോഡിൽ കല്ലിശേരി പാലത്തിന് സമീപം വഴിയോരത്താണ് കച്ചവടം.

അദ്ധ്വാനമേറെ, വരുമാനം കുറവ്

തോരാമഴയും സ്ഥിരം വിപണിയില്ലായ്മയുമാണ് സംഘം നേരിടുന്ന പ്രധാന വെല്ലുവിളി. മഴക്കാലത്ത് കളിമണ്ണിൽ നിർമ്മിച്ച വസ്തുക്കൾ ഉണക്കിയെടുക്കാൻ ആഴ്ചകളോളം വേണ്ടിവരും. പിന്നീട് ചൂളയിൽ ചുട്ടെടുത്താണ് വിപണിയിലെത്തിക്കുന്നത്. അദ്ധ്വാനത്തിന് തക്ക വരുമാനം ലഭിക്കുന്നില്ലെങ്കിലും ഓരോ നിർമ്മിതിയിൽ നിന്നും ലഭിക്കുന്ന മാനസിക സന്തോഷം വലുതാണെന്ന് സംഘാംഗങ്ങൾ പറയുന്നു. 50 രൂപ പോലും ലഭിക്കാത്ത ദിവസങ്ങളുണ്ടെന്ന് പെൺകൂട്ടായ്‌മ പറയുന്നു.