സൂംബാ ഡാൻസ് വിവാദം,​ കുട്ടികളുടെ സന്തോഷത്തെ എതിർക്കുന്നത് ആര്?​

Friday 04 July 2025 3:49 AM IST

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പാതയിലാണ്. നമ്മുടെ അക്കാഡമിക് നേട്ടങ്ങൾക്ക് ഏറ്റവും പുതിയ തെളിവാണ് ഇപ്പോൾ പുറത്തുവന്ന ദേശീയ പഠനനേട്ട സർവേ ഫലങ്ങൾ. ഭൗതിക സൗകര്യങ്ങൾക്കായി നമ്മൾ നടത്തിയ നിക്ഷേപം അക്കാഡമിക് വളർച്ചയ്ക്കും സഹായകമായി. അതുകൊണ്ടാണ് ഈ അദ്ധ്യയന വർഷം സമഗ്ര ഗുണമേന്മ ലക്ഷ്യം വയ്ക്കുന്ന വർഷമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഓരോ കുട്ടിയെയും പരിഗണിച്ച്, വിദ്യാലയങ്ങൾ അക്കാഡമിക് മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്.


സംസ്ഥാനാടിസ്ഥാനത്തിൽ തീരുമാനിച്ചിട്ടുള്ള പാഠ്യപദ്ധതി, ഓരോ സ്‌കൂളിലെയും സവിശേഷ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് ഫലപ്രദമായി നടപ്പാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം ജില്ലാടിസ്ഥാനത്തിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങളും ചിട്ടപ്പെടുത്തി നടപ്പാക്കേണ്ടതുണ്ട്. രക്ഷിതാക്കളെയും കുട്ടികളെയും പൂർണമായി വിശ്വാസത്തിലെടുത്ത്, അദ്ധ്യാപകരുടെ നേതൃത്വത്തിൽ പാഠ്യപദ്ധതി കാര്യക്ഷമമായി വിനിമയം ചെയ്താൽ ഫലമുണ്ടാകുമെന്നാണ് ദേശീയ പഠനനേട്ട സർവേ വ്യക്തമാക്കുന്നത്. ഈ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോൾത്തന്നെ, ഇവയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുകയും വേണം. ഇതിന് തടസമായി നിൽക്കുന്ന ഘടകങ്ങൾ കണ്ടെത്തി അവയെ അതിജീവിച്ചെങ്കിലേ നമുക്ക് മുന്നേറാനാവൂ.

സമീപകാലത്ത് കണ്ടുവരുന്ന ഒരു പ്രവണതയാണ് ബാല്യ- കൗമാര പ്രായക്കാരിൽ ഒരു വിഭാഗം പല കാരണങ്ങളാൽ ലഹരിവസ്തുക്കളോട് കാട്ടുന്ന താല്പര്യം. ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസത്തെ കേവലം തൊഴിൽ നേടുന്നതിനുള്ള ഉപാധിയായി മാത്രം ചുരുക്കിക്കാണാൻ കഴിയുമോ? സ്‌കൂൾ എന്നത് ബൗദ്ധിക വികാസത്തെ മാത്രം സഹായിക്കുന്ന ഒരിടമായി പരിമിതപ്പെടുത്താൻ കഴിയുമോ? മാനസിക വികാസം, ബൗദ്ധിക വികാസം, ശാരീരിക വികാസം, വൈകാരിക വികാസം, സാമൂഹിക വികാസം എന്നിവയെല്ലാം ചേർന്നെങ്കിലേ കുട്ടികളുടെ സർവതോമുഖമായ വികാസം സാദ്ധ്യമാകൂ. ആത്മവിശ്വാസത്തോടെ ഈ സമൂഹത്തിലും ഭാവി സമൂഹത്തിലും ജീവിക്കാൻ വേണ്ടുന്ന അറിവും കഴിവും പൗരബോധവും ഉള്ളവരായി നമ്മുടെ കുഞ്ഞുങ്ങൾ വളരേണ്ടതുണ്ട്. അതിനെല്ലാമുള്ള ഇടമായി സ്കൂളുകൾ മാറണം.

സാദ്ധ്യതകളും

ചതിക്കുഴികളും

നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യബോധവും മതനിരപേക്ഷ ബോധവുമെല്ലാം അനുഭവങ്ങളിലൂടെ ഉളവാകുന്ന ഇടങ്ങളാണ് പൊതുവിദ്യാലയങ്ങൾ. പ്രളയകാലത്തും മറ്റ് ദുരന്തഘട്ടങ്ങളിലും ഇതിന്റെ നേരനുഭവങ്ങൾ നമുക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടതാണ്. ഇത്തരം ഘട്ടങ്ങളിൽ എല്ലാറ്റിനുമുപരിയായി പരസ്പരസ്‌നേഹവും പരസ്പര സഹകരണവും അനുതാപവും ഉയർത്തിപ്പിടിച്ച ഒരു സമൂഹമാണ് നമ്മുടേത്. എന്നാൽ ഇന്നത്തെ ലോകത്തിൽ കമ്പോളം തുറന്നുതരുന്നതും ആധുനിക സാങ്കേതികവിദ്യ തുറന്നുതരുന്നതുമായ ഒട്ടേറെ സാദ്ധ്യതകളുണ്ട്. അതിനിടയിൽ ഒളിഞ്ഞുകിടക്കുന്ന ചതിക്കുഴികളുമുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്താനും,​ ചതിക്കുഴികൾ തിരിച്ചറിഞ്ഞ് അതിൽപ്പെടാതെ തള്ളിക്കളയാനുമുള്ള തിരിച്ചറിവ് കുട്ടികളിൽ വികസിപ്പിക്കണം.

വിദ്യാഭ്യാസ സംവിധാനം ഏറ്റെടുത്തിരിക്കുന്ന പ്രധാന വെല്ലുവിളി അതാണ്. ഇതിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനം, കുട്ടികളുടെ മനോഭാവത്തിലും പെരുമാറ്റത്തിലും കാണുന്ന അഭികാമ്യമല്ലാത്ത കാര്യങ്ങളെ അതതു സമയത്ത് തിരിച്ചറിയാൻ കഴിയണം എന്നതാണ്. പഠനം എന്നാൽ പരീക്ഷകൾക്കു മാത്രം തയ്യാറാക്കലാണെന്ന സമൂഹത്തിന്റെ പൊതുവായ ധാരണ ഒരു പ്രധാന പ്രശ്നമാണ്. ഈ ധാരണകൊണ്ട് ഏറ്റവും പ്രയാസപ്പെടുന്നത് കുട്ടികളാണ്. ശരിയായ ശാരീരിക വികാസത്തിന്, അവരുടെ പേശീവികാസത്തിന്, വൈകാരിക വികാസത്തിന്, സന്തോഷത്തിന്,​ മറ്റു കുട്ടികളോട് കൂട്ടുചേരാൻ, അതോടൊപ്പം ബൗദ്ധിക വികാസത്തിനു പോലും കായിക വിനോദങ്ങൾ അനിവാര്യമാണ്.

കളിക്കുക എന്നത് കുട്ടികളുടെ സഹജ സ്വഭാവം മാത്രമല്ല,​ അവരുടെ അവകാശം കൂടിയാണ്. സ്വയം പ്രകാശനത്തിന് അതിയായി ആഗ്രഹിക്കുന്ന പ്രായഘട്ടമാണ് ബാല്യവും കൗമാരവും. എന്നാൽ പരീക്ഷകൾക്കു വന്ന അമിതപ്രാധാന്യം കുട്ടികളെ കളിക്കളങ്ങളിൽ നിന്നും കലകൾ അടക്കമുള്ള സർഗവാസനകൾ പ്രകടിപ്പിക്കുന്ന ഇടങ്ങളിൽ നിന്നും പിൻവലിക്കുന്നതിലേക്ക് എത്തിച്ചു. ഇതുണ്ടാക്കുന്ന അനുരണനങ്ങൾ വലുതാണ്. അതിൽ ഏറ്റവും പ്രധാനം കുട്ടികളുടെ കായികക്ഷമത കുറഞ്ഞുവരുന്നു എന്നതും, മാനസികാരോഗ്യത്തിന് അനിവാര്യമായ പിന്തുണ ലഭിക്കുന്നില്ല എന്നതുമാണ്. അതുകൊണ്ടുതന്നെ,​ താത്കാലിക സന്തോഷത്തിനുള്ള കുറുക്കുവഴികൾ കുട്ടികൾ അന്വേഷിച്ചുപോകും. ഇതാണ് ലഹരിയടക്കം പ്രചരിപ്പിക്കുന്ന, അതിലൂടെ ലാഭം ലക്ഷ്യമിടുന്ന മാഫിയകളുടെ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്.

ഊർജ്ജത്തിന്റെ

പോസിറ്റീവ് റൂട്ട്

കുട്ടികൾ വളരുന്ന പ്രായത്തിൽ അവരിൽ ധാരാളം ഊർജ്ജമുണ്ടാകും. ഈ ഊർജ്ജത്തെ ഫലപ്രദമായി (പോസിറ്റീവായി) പ്രയോജനപ്പെടുത്തണം. അല്ലെങ്കിൽ ഊർജ്ജം ചെലവാക്കാൻ അനഭിലഷണീയമായ മറ്റു മാർഗങ്ങൾ കുട്ടികൾ തേടിയേക്കാമെന്നാണ് മനഃശാസ്ത്രജ്ഞരും വിദ്യാഭ്യാസ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്. പഠനങ്ങളുടെ പിൻബലത്തിൽ കണ്ടെത്തിയ ഇത്തരം കാര്യങ്ങൾ തള്ളിക്കളയാനാവില്ല. അതുകൊണ്ട്,​ കൂട്ടായ ചർച്ചകളിലും കൂടിയാലോചനകളിലും ഉയർന്നുവന്ന ഒരു നിർദ്ദേശമാണ്,​ കുട്ടികൾക്കുണ്ടാകാനിടയുള്ള സമ്മർദ്ദം, ആകാംക്ഷ, പിരിമുറുക്കം എന്നിവയിൽ നിന്ന് മോചനം നല്കാനും മാനസികോല്ലാസം സാദ്ധ്യമാക്കാനും കായികക്ഷമത വർദ്ധിപ്പിക്കാനും സൂംബാ ഡാൻസ് പോലുള്ള ലഘു വ്യായാമങ്ങൾക്ക് അവസരമൊരുക്കുക എന്നത്.

1990-കളിൽ രൂപപ്പെട്ടതും ലോകം മുഴുവൻ വ്യാപിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്ത ഒരു ലഘു നൃത്തരൂപമാണ് സൂംബാ ഡാൻസ്. അധ്യാപകരുടെ സാന്നിദ്ധ്യത്തിൽ, അവരുടെ മേൽനോട്ടത്തിൽ നടക്കുന്ന, കായികക്ഷമത കൂടി വർദ്ധിപ്പിക്കുന്നതും കുട്ടികളുടെ മനസിന് ഉല്ലാസം നൽകുന്നതുമായ ഒരു വിനോദ,​ വ്യായാമ പരിപാടിയാണിത്. കുട്ടികൾ സന്തോഷിക്കുമ്പോൾ ഒരു വിഭാഗം മുതിർന്നവർ അതിൽ വ്യാകുലരാകുന്നത് എന്തിനാണ്? കുട്ടികളുടെ നന്മയെ ലക്ഷ്യംവച്ച് സർക്കാർ ഒരു പദ്ധതി മുന്നോട്ടുവയ്ക്കുമ്പോൾ അതിനെ സമൂഹത്തിനു മുന്നിൽ ഇകഴ്ത്തുന്നത് എന്തു ലക്ഷ്യംവച്ചാണ്?​

വിമർശനങ്ങൾ എല്ലാക്കാലത്തും സ്വീകരിക്കാൻ തയ്യാറാണ്. അതിനെ പോസിറ്റീവായി മാത്രമേ കാണുകയുള്ളൂ. ഈ സർക്കാർ ഒന്നും അടിച്ചേല്പിക്കുകയുമില്ല. എന്നാൽ,​ ശരിയായ ഉദ്ദേശ്യത്തോടെയല്ലാത്ത പ്രചരണങ്ങളെ അങ്ങനെയേ കാണാൻ കഴിയൂ. ജനാധിപത്യ സംവിധാനത്തിനകത്തും പുറത്തുമുള്ളവർക്ക് വിമർശനങ്ങൾ ഉയർത്താനുള്ള അവകാശത്തെ ആരും ചോദ്യം ചെയ്യുമെന്നു തോന്നുന്നില്ല. അതിനുള്ള അവകാശം ഉണ്ടാവുകയും വേണം. പക്ഷേ അതിനെല്ലാം വ്യവസ്ഥാപിത രീതികളുണ്ട്. അത് ഉണ്ടാവുകയും വേണം. നമ്മുടെ കുട്ടികളെ മാനസികാരോഗ്യവും കായികക്ഷമതയും ഉള്ളവരും, അറിവിന്റെയും സാങ്കേതികവിദ്യയുടെയും പുതിയ ലോകം ഉയർത്തുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ ശേഷിയുള്ളവരുമാക്കി മാറ്റുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. കേരളം ആവശ്യപ്പെടുന്നത് അതാണ്.