അതിനും വേണ്ടിവരുമോ ഒരു 'സൂയിസൈഡ്?'
കാലാകാലം മൂടിവയ്ക്കാൻ പറ്റുന്ന ഒന്നല്ല സത്യം. അത്രയ്ക്കു വലുതാണ് അതിന്റെ സമ്മർദ്ദം. ആരിലൂടെയെങ്കിലും, ഏതെങ്കിലും പഴുതിലൂടെയെങ്കിലും, അബദ്ധത്തിൽപ്പോലുമെങ്കിലും അത് പുറത്തുവരും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം കാരണം രോഗികൾ കുറേക്കാലമായി അനുഭവിക്കുന്ന ദുരിതം പുറത്തുവന്നത് അവിടത്തെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. അടിയന്തര ശസ്ത്രക്രിയകൾ നടത്താൻ രോഗികളിൽ നിന്നുപോലും പിരിവെടുക്കേണ്ടിവരുന്നു എന്ന സത്യം ഡോക്ടറിൽ നിന്നുതന്നെ വെളിപ്പെട്ടത് സർക്കാരിന് ചെറിയ നാണക്കേടല്ല ഉണ്ടാക്കിയത്. നടപടി വന്നേക്കുമെന്ന് കരുതിക്കൊണ്ടു തന്നെയുള്ള 'പ്രൊഫഷണൽ സൂയിസൈഡ്" ആയിരുന്നു തന്റേതെന്ന് ഡോ. ഹാരിസ് പറഞ്ഞതിന്, സംസ്ഥാനത്ത് സർക്കാർ മേഖലയിലുള്ള മുഴുവൻ ആശുപത്രികളിലെയും ഡോക്ടർമാർ ജോലിയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന സമ്മർദ്ദത്തിന്റെ ആഴമുണ്ട്.
സത്യം പറയുന്നവരെ പിന്തുടർന്ന് വേട്ടയാടിയ ചരിത്രമേ എന്നുമുള്ളൂ. കാരണം, അത് വാസ്തവത്തിന്റെ വികൃതമുഖം വെളിപ്പെടുത്തുന്നതാകും എന്നതുതന്നെ. രോഗികൾക്കായി ശബ്ദിച്ച ഡോ. ഹാരിസിന് എതിരെ അധികൃതരിൽ നിന്നും ഭരണമുന്നണി നേതാക്കളിൽ നിന്നും സംഘടിതമായ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ആരോഗ്യമേഖലയ്ക്ക് ബഡ്ജറ്റിൽ അനുവദിക്കുന്ന തുക പോലും പിന്നീട് വെട്ടിക്കുറയ്ക്കുന്നുവെന്നും, ബാക്കിയുള്ളതു തന്നെ സമയത്ത് കിട്ടുന്നില്ലെന്നും, അത്യാവശ്യ ഉപകരണങ്ങൾ പോലും വാങ്ങിനല്കുന്നില്ലെന്നും ആയിരുന്നു ഡോ. ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ ചുരുക്കം. അത് വിവാദമായതിന്റെ പിറ്റേന്നു രാവിലെതന്നെ യൂറോളജി വിഭാഗത്തിലേക്കുള്ള ശസ്ത്രക്രിയാ ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്ന് വിമാനത്തിൽ എത്തി. മുടങ്ങിക്കിടന്ന ശസ്ത്രക്രിയകൾ പുനരാരംഭിക്കുകയും ചെയ്തു. അപ്പോൾ, ആരെങ്കിലുമൊക്കെ ഇടയ്ക്കിടെ സത്യം വിളിച്ചുപറഞ്ഞ് 'പ്രൊഫഷണൽ സൂയിസൈഡ്" നടത്തിയാലേ കാര്യങ്ങൾ നടക്കൂ എന്നാണോ?
സർക്കാർ ആശുപത്രികളിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലും കുറ്റപ്പെടുത്തലും സമരവും രാഷ്ട്രീയകോലാഹലങ്ങളും അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് ഇന്നലെ, കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ ബ്ളോക്കിനോടു ചേർന്ന്, 68 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് അവിടത്തെ ശുചിമുറി ഉപയോഗിക്കുകയായിരുന്ന ഒരു സ്ത്രീ മരണമടഞ്ഞത്. മകളെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൂട്ടിരിക്കുകയായിരുന്ന തലയോലപ്പറമ്പ് സ്വദേശി ബിന്ദുവെന്ന അമ്പത്തിരണ്ടുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കൂമ്പാരമായി വീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ബിന്ദുവിന്റെ ശരീരം പുറത്തെടുക്കാൻ തന്നെ രണ്ടര മണിക്കൂറോളം വേണ്ടിവന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കിടത്താൻ പണ്ട് ഉപയോഗിച്ചിരുന്ന കെട്ടിടം നിലവിൽ ഉപയോഗിക്കുന്നില്ലായിരുന്നു എന്നാണ് മെഡി. കോളേജ് അധികൃതരുടെ വിശദീകരണം. പക്ഷേ, ടോയ്ലറ്റ് ബ്ളോക്ക് ഉപയോഗത്തിലുണ്ടായിരുന്നു എന്നതിനു തെളിവല്ലേ ഇന്നലെത്തെ ദുരന്തം? രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എന്തെങ്കിലും ആവശ്യത്തിന് ഒരു സ്ഥലം തുറന്നുകൊടുത്തിട്ടുണ്ടെങ്കിൽ അവിടം ഉപയോഗത്തിലുണ്ടായിരുന്നു എന്നുതന്നെയല്ലേ അർത്ഥം?
ആറു ദശകം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ആരംഭിച്ചപ്പോഴത്തെ ആദ്യ കെട്ടിടങ്ങളിലൊന്നിന്റെ ഭാഗമാണ് ഇപ്പോൾ തകർന്നുവീണത്. കെട്ടിടം ഉപയോഗയോഗ്യമല്ലെന്ന് സുരക്ഷാവിഭാഗം റിപ്പോർട്ട് നല്കിയിട്ടുതന്നെ പന്ത്രണ്ടുവർഷം കഴിഞ്ഞു. രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും ജീവനക്കാരും സന്ദർശകരുമൊക്കെയായി ദിവസവും ആയിരക്കണക്കിനു പേർ വന്നുപോകുന്ന സ്ഥലത്ത്, ജീർണിച്ച് അപകടാവസ്ഥയിലായ ഒരു കെട്ടിടസമുച്ചയം ഉയർത്തുന്ന സുരക്ഷാഭീഷണി അധികൃതർ അവഗണിച്ചുവെന്നതു തന്നെ കുറ്റകരമായ അനാസ്ഥയാണ്. ഉപയോഗിക്കാൻ കഴിയില്ലെന്ന് തീർച്ചയായപ്പോൾത്തന്നെ പഴഞ്ചൻ കെട്ടിടം പൊളിച്ചുനീക്കേണ്ടതായിരുന്നു. ആരെങ്കിലും ഒന്നു തുമ്മിയാൽ നിലംപൊത്താനോങ്ങി ഇത്തരം എത്രയോ ജാംബവാൻ കെട്ടിടങ്ങൾ നമ്മുടെ സർക്കാർ ആശുപത്രികളിൽ നില്പുണ്ട്! ചികിത്സയുടെ സുരക്ഷ പോലെ പ്രധാനമാണ്, ആശുപത്രികളുടെ കെട്ടിടസുരക്ഷ. അത്തരം ഓഡിറ്റിന് ഉത്തരവിടാനും ഇനിയൊരാളുടെ 'പ്രൊഫഷണൽ സൂയിസൈഡ്" വേണ്ടിവരരുത്.