യോദ്ധാവായി പവൻ കല്യാൺ 24ന് , ഹരിഹര വീര മല്ലു ട്രെയിലർ

Friday 04 July 2025 6:33 AM IST

കേരളത്തിൽ വേഫെറർ ഫിലിംസ് വിതരണം

തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ ഒരുക്കിയ ഹരിഹര വീര മല്ലു പാർട്ട് 1 എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഡൽഹി സുൽത്താനേറ്റിൽ നിന്ന് സനാതന ധർമ്മത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട വിമത യോദ്ധാവായ വീര മല്ലുവായി പവൻ കല്യാണിനെ മൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയിലറിൽ അവതരിപ്പിക്കുന്നു.ഔറംഗസേബിന്റെ വേഷത്തിൽ ബോബി ഡിയോൾ എത്തുന്നു. കോഹിനൂർ രത്ന പോരാട്ടത്തിലൂടെ ഇതിഹാസ തുല്യമായ ഏറ്റുമുട്ടൽ ആരംഭിക്കുന്നു.മുഗൾ ശക്തിയെ വെല്ലുവിളിക്കുന്ന കഥാപാത്രമായാണ് പവൻ കല്യാൺ എത്തുന്നത് . പഞ്ചമി എന്ന നായിക കഥാപാത്രമായി നിധി അഗർവാൾ ആണ് . ഛായാഗ്രഹണം ജ്ഞാന ശേഖർ വി. എസ്, മനോജ് പരമഹംസ, സംഗീതം കീരവാണി, എഡിറ്റിംഗ് പ്രവീൺ കെ. എൽ, പ്രൊഡക്ഷൻ ഡിസൈനർ തോട്ട തരണി.മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ .എം രത്നം അവതരിപ്പിക്കുന്ന ചിത്രം എ .ദയാകർ റാവു നിർമ്മിക്കുന്നു. പാൻ ഇന്ത്യൻ റിലീസായി ജൂലായ് 24ന് തിയേറ്ററുകളിൽ എത്തും.

ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം.