ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവ് നികത്താൻ മാരത്തൺ അഭിമുഖം
ന്യൂഡൽഹി: രാജ്യത്തെ വിവിധ ഹൈക്കോടതികളിലെ ജഡ്‌ജിമാരുടെ ഒഴിവു നികത്താൻ സുപ്രീംകോടതി കൊളീജിയം നടപടികൾ ഊർജ്ജിതമാക്കി. മദ്ധ്യപ്രദേശ്, പഞ്ചാബ് - ഹരിയാന, രാജസ്ഥാൻ ഹൈക്കോടതികൾ അയച്ച പട്ടികയിലുള്ള 50ൽപ്പരം പേരുടെ അഭിമുഖം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തി. ഇത്തരത്തിലുളള മാരത്തൺ അഭിമുഖം സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമാണ്. പട്ടികയിലുള്ള ജില്ല ജഡ്‌ജിമാരെയും അഭിഭാഷകരെയും സുപ്രീം കോടതി ചേംബറിൽ വിളിച്ചുവരുത്തിയാണ് പ്രകടനം വിലയിരുത്തുന്നത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, മുതിർന്ന ജഡ്‌ജിമാരായ സൂര്യകാന്ത്, വിക്രംനാഥ് എന്നിവരടങ്ങിയതാണ് കൊളീജിയം.
ജുഡിഷ്യൽ മേഖലയിലെ പ്രവർത്തനം, രഹസ്യാന്വേഷണ റിപ്പോർട്ട്, മുഖ്യമന്ത്രി, ഗവർണർ എന്നിവരുടെ അഭിപ്രായം, കേന്ദ്ര നീതിന്യായ വകുപ്പ് കൈമാറുന്ന വിവരങ്ങൾ എന്നിവയ്‌ക്കു പുറമെയാണ് അഭിമുഖം. രാജ്യത്തെ 25 ഹൈക്കോടതികളിലായി 371 ജഡ്‌ജിമാരുടെ ഒഴിവാണുള്ളത്. കേരള ഹൈക്കോടതിയിൽ മൂന്ന് ഒഴിവ്. ഏറ്റവുമധികം ഒഴിവ് അലഹബാദ് ഹൈക്കോടതിയിലാണ് - 76.