വായുമലിനീകരണം ഗർഭിണികൾക്ക് ഭീഷണി: ദേശീയ ആരോഗ്യ സർവേ

Friday 04 July 2025 1:09 AM IST

ന്യൂഡൽഹി: വായുമലിനീകരണം ഗർഭിണികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിലൂടെ മാസം തികയാതെയുള്ള പ്രസവത്തിനും കുഞ്ഞുങ്ങളുടെ ഭാരം കുറയുന്നതിനുള്ള സാദ്ധ്യത 40 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തൽ. രാജ്യത്തെ 13 ശതമാനം കുട്ടികളും ജനിക്കുന്നത് മാസം തികയാതെ. 17ശതമാനത്തിന് ഭാരക്കുറവുമുണ്ട്. ഡൽഹി ഐ.ഐ.ടി ഉൾപ്പെടെ രാജ്യത്തെയും വിദേശത്തെയും സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണിതെന്ന് 2019-21 വർഷത്തെ ദേശീയ ആരോഗ്യ സർവേ റിപ്പോർട്ട് പറയുന്നു.

ഡൽഹി ഐ.ഐ.ടി,മുംബയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോപുലേഷൻ സയൻസസ് എന്നിവയും യു.കെയിലെയും അയർലൻഡിലെയും ഗവേഷകസ്ഥാപനങ്ങളുമാണ് പഠനം നടത്തിയത്. റിമോട്ട് സെൻസിംഗ് ഡാറ്റ ഉപയോഗിച്ചാണ് വായുമലിനീകരണം ഗർഭിണിളിലുണ്ടാക്കുന്ന സ്വാധീനം പഠിച്ചത്. കടുത്ത ചൂട്,തീവ്രമഴ തുടങ്ങിയ കാലാവസ്ഥയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നുണ്ടെന്ന് സർവേയിൽ കണ്ടെത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കുട്ടികളുടെ ആരോഗ്യത്തെ വായു മലിനീകരണം കൂടുതലായി ബാധിക്കുന്നുണ്ടെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

മാസം തികയാതെയുള്ള പ്രസവം കൂടുതൽ ഹിമാചലിൽ

സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ മാസം തികയാതെയുള്ള പ്രസവം ഏറ്റവും കൂടുതലുള്ളത് ഹിമാചൽപ്രദേശിലാണ് 39%. ഉത്തരാഖണ്ഡ് (27%),രാജസ്ഥാൻ (18%),ഡൽഹി (17%) എന്നിവയാണ് തൊട്ടുപിന്നിൽ. അതേസമയം, ഭാരം കുറഞ്ഞ കുട്ടികൾ ജനിക്കുന്നത് കൂടുതൽ പഞ്ചാബിലും 22%. മദ്ധ്യപ്രദേശ്,ഹരിയാന,യു.പി എന്നിവയാണ് അടുത്ത സ്ഥാനങ്ങൾ.