ചക്ക ഉത്സവം ഇന്ന് ആരംഭിക്കും

Friday 04 July 2025 12:00 AM IST

തൃശൂർ: അന്താരാഷ്ട്ര ചക്ക ദിനത്തോടനുബന്ധിച്ച് വടക്കേ സ്റ്റാൻഡിലുള്ള എലൈറ്റ് സൂപ്പർമാർക്കറ്റിൽ ചക്ക ഉത്സവം ഇന്ന് ആരംഭിക്കും. ആറിന് സമാപിക്കും. ചക്കയെ അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഉത്പന്നങ്ങൾ ഇതിനോടനുബന്ധിച്ച് വിപണനമേളയിൽ അവതരിപ്പിക്കും. പച്ചയും പഴുത്തതുമായ ചക്കകൾക്ക് പുറമെ ചക്ക സൂപ്പ്, ചക്കപ്പായസം, ചക്കക്കുരു കാപ്പിപ്പൊടി, ചക്കയപ്പം, ചക്ക കട്‌ലറ്റ് തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങൾ ചക്കയുത്സവത്തിന്റെ ഭാഗമായി ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. വിഭവങ്ങളുടെ രുചി അനുഭവിച്ചറിയുന്നതിനുള്ള അവസരവും ഉണ്ടാകും. ചക്ക ഉത്സവത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് മുൻ മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. എലൈറ്റ് സൂപ്പർമാർക്കറ്റ് എം.ഡി ടി.ആർ.വിജയകുമാർ, ഡയറക്ടർമാരായ രവികൃഷ്ണൻ വിജയകുമാർ, രാജ്കൃഷ്ണൻ വിജയകുമാർ, കാർഷിക സർവകലാശാല മുൻ രജിസ്ട്രാർ ഡോ. പി.ബി.പുഷ്പലത എന്നിവർ സംബന്ധിക്കും.