വീടിന്റെ ഓടിളക്കി മോഷണം: മോഷ്ടാവിനെ ഓടിച്ചിട്ടു പിടിച്ചു

Friday 04 July 2025 12:57 AM IST

പത്തനംതിട്ട : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി ഇറങ്ങി വയറിംഗ് സാധനങ്ങൾ മോഷ്ടിച്ച പ്രതിയെ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. പത്തനാപുരം പാടം വെള്ളംതെറ്റി സുരേഷ് ഭവനിൽ സുമേഷ് (42)നെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. കോന്നി താഴം മണിയൻപാറ അട്ടച്ചാക്കൽ ആഞ്ഞിലിമൂട്ടിൽ മേലേതിൽ മിനി ജോർജ്ജിന്റെ സഹോദരി ബിൻസിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം. വീട്ടിലെ മെയിൻ സ്വിച്ചും എല്ലാം മുറികളിലെയും വയറിംഗ് സ്വിച്ച് ബോർഡുകളിലെ കോപ്പർ വയറുകളും മോഷ്ടിച്ചു. 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ ഒൻപതിന് മിനി വീട്ടിൽ എത്തിയപ്പോൾ മേൽക്കൂരയുടെ ഓട് ഇളക്കിമാറ്റിയതും പുറത്തെ ഭിത്തിയിൽ മുള കൊണ്ടുള്ള ഏണി ചാരിവച്ചിരിക്കുന്നതും കണ്ടു. ഏണി താഴെ ഇട്ടശേഷം ഒച്ചയുണ്ടാക്കാതെ ശ്രദ്ധിച്ചപ്പോൾ അടുക്കളയോട് ചേർന്നുള്ള വാതിൽ തുറന്നു ഒരാൾ ഇറങ്ങി ഓടുന്നതാണ് കണ്ടത്. ഇവർ ബഹളമുണ്ടാക്കി പിന്നാലെ ഓടി. അടുത്ത പുരയിടത്തിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളും അയൽവാസികളും ചേർന്ന് ഇയാളെ തടഞ്ഞുനിറുത്തി പിടിക്കുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പറെയും പൊലീസിനേയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കോന്നി എസ്.ഐ വിമൽ രംഗനാഥന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലുകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.