തുടർ പ്രക്ഷോഭത്തിന് ഒരുങ്ങി പ്രതിപക്ഷം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു സ്ത്രീ മരിക്കാനിടയായ ദുരന്തം സർക്കാരിന്റെയും ഉദ്യോഗസ്ഥരുടയും കഴിവുകേടാക്കി ചിത്രീകരിച്ച് ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തുടർ പ്രതിഷേധ സമരത്തിനൊരുങ്ങി പ്രതിപക്ഷം. ഇന്ന് കോട്ടയത്ത് ഹർത്താൽ ആലോചിച്ചെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം വേണ്ടെന്ന് ഉന്നത നേതാക്കൾ നിലപാടെടുത്തു. ഇന്ന് സമരം ശക്തമാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. അപകടം നടന്നതിന് പിറകേ മെഡിക്കൽ കോളേജിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയാണ് തെരച്ചിൽ ശക്തമാക്കാൻ ഇടപെട്ടത്. ശൗചാലയത്തിലേക്ക് പോയ അമ്മ തിരിച്ചെത്തിയില്ലെന്ന് ബിന്ദുവിന്റെ മകൾ നവമി കരഞ്ഞു പറഞ്ഞതിന് ശേഷം മണ്ണിനടിയിൽ ആളുണ്ടെന്നും മന്ത്രിമാർ പറയുന്നത് ശരിയല്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉച്ചയോടെയാണ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാണി സി.കാപ്പൻ, മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി , ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവരടങ്ങിയ സംഘം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിയത്. അപകടത്തിൽപെട്ട കെട്ടിടത്തിലെ രോഗികളെ കൂട്ടത്തോടെ ഡിസ് ചാർജ് ചെയ്യുന്നെന്ന വാർത്ത പരന്നതോടെ പ്രതിഷേധം കനത്തു. തുടർന്നാണ് അധികൃതർ ഈ നീക്കം ഉപേക്ഷിച്ചത്.
ഓപ്പറേഷന് വിധേയയാക്കിയ രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ ഡോക്ടർമാർ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.