ഹരിത ടൂറിസം പദ്ധതിയുമായി വിതുര പഞ്ചായത്ത്
വിതുര: സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വിതുരപഞ്ചായത്തിൽ ഹരിതടൂറിസം പദ്ധതി നടപ്പിലാക്കുന്നു. പഞ്ചായത്തിലെ ആറ് പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. ബോണക്കാട്, വാഴ്വാൻതോൽ വെള്ളച്ചാട്ടം, പേപ്പാറവനം വന്യജീവികേന്ദ്രം, കല്ലാർ ഗോൾഡൻവാലി, താവയ്ക്കൽ വെള്ളച്ചാട്ടം എന്നിവിടങ്ങൾ ഉൾപ്പെടുത്തിയാണ് പദ്ധതി. ഇതിന്റെ ഭാഗമായി ആറ് കേന്ദ്രങ്ങളിലും മാലിന്യസംസ്കരണ ബിന്നുകൾ, ബോട്ടിൽബൂത്തുകൾ, ബോധവത്ക്കരണ ബോർഡുകൾ എന്നിവ സ്ഥാപിച്ചു. ഇവിടുത്തെ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ വിലയിരുത്തുകയും വേണ്ടനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. പ്രവർത്തനങ്ങളിൽ ടൂറിസ്റ്റുകളേയും പങ്കെടുപ്പിക്കും. മാലിന്യം നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള രൂപരേഖയും തയ്യാറാക്കി. മാലിന്യം നിക്ഷേപിക്കുന്നവരുടെ പേരിൽ നടപടികളും സ്വീകരിക്കും. പദ്ധതിയുടെ വിജയത്തിനായി എല്ലാവാർഡുമെമ്പർമാരേയും സഹകരിപ്പിക്കും.
പ്രഖ്യാപനം നടത്തി
ഹരിതടൂറിസം യാഥാർത്ഥ്യമാക്കിയ പഞ്ചായത്തായി വിതുരയെ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ.ജി.ആനന്ദ് പ്രഖ്യാപിച്ചു. ചേന്നൻപാറ വാർഡ്മെമ്പർ മാൻകുന്നിൽപ്രകാശ്, മരുതാമലവാർഡ് മെമ്പർ ഗിരീഷ് കുമാർ, മണിതൂക്കി വാർഡ് മെമ്പർ ജെ.എസ്.ലൗലി, പഞ്ചായത്ത് സെക്രട്ടറി ഷിബുപ്രണാബ്, വി.വിജു, ത്ര്യേസ്യാമ്മ ജോണി എന്നിവർ പങ്കെടുത്തു.