പട്ടാളക്കാരന്റെ വീട്ടിൽ മോഷണം: സ്വർണാഭരണങ്ങളും മദ്യക്കുപ്പികളും കവർന്നു

Friday 04 July 2025 12:35 AM IST

വിഴിഞ്ഞം: പട്ടാളക്കാരന്റെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും മദ്യകുപ്പികളും മോഷ്ടിച്ചു.കോട്ടുകാൽ പയറുംമൂട് അയണി കുറ്റിവിള പഠിപ്പുരവീട്ടിൽ വിജിത്തിന്റെ വീട്ടിലായിരുന്നു മോഷണം.വിജിത്ത് മിലിട്ടറിയിലായതിനാൽ ഭാര്യ സ്വന്തം വീട്ടിലായിരുന്നു. അതിനാൽ ഈ വീട്ടിൽ ആരുമില്ലായിരുന്നു.ഇക്കഴിഞ്ഞ 2ന് വൈകിട്ട് വിജിത്തിന്റെ സഹോദരൻ വീട് വൃത്തിയാക്കാൻ എത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് കയറി നോക്കിയപ്പോഴാണ് വീടിന്റെ മുകളിലെ വാതിൽ തകർത്ത നിലയിൽ കണ്ടത്.

വിവരമറിഞ്ഞ് വിജിത്തിന്റെ ഭാര്യയെത്തി പരിശോധിച്ചപ്പോഴാണ് രണ്ട് പവന്റെ രണ്ട് വളകളും,ബാഗിൽ നിന്ന് മൂന്ന് മദ്യക്കുപ്പികളും നഷ്ടപ്പെട്ടതായി മനസിലായത്.തുടർന്ന് വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു.പെട്ടി വെട്ടിപ്പൊളിച്ച് ഭർത്താവിന്റെ ആർമി ഡ്രസ് വലിച്ചുവാരിയിട്ടതായും അലമാരയിൽ നിന്ന് കാറിന്റെ പഴയ താക്കോലെടുത്ത് കാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും കണ്ടെത്തി. 1,4000 രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയിലുണ്ട്. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.