ഗൃഹനാഥന്റെ ആത്മഹത്യ : ധനകാര്യസ്ഥാപനത്തിലെെ 6 ജീവനക്കാർക്കെതിരെ കേസ്
വള്ളികുന്നം : ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത സ്വകാര്യധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ആറുപേർക്കെതിരെ വള്ളികുന്നം പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ, ജാതീയ ആക്ഷേപം, പട്ടികജാതി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്ത പണത്തിന്റെ തിരിച്ചടവ് വൈകിയതിന്റെ പേരിലുണ്ടായ ഭീഷണിയും അപമാനവും സഹിക്കവയ്യാതെ വള്ളികുന്നം കടുവിനാൽ മലവിളയിൽ ശശിയാണ് (60) കഴിഞ്ഞ തിങ്കളാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ശശിയുടെ ഭാര്യ രാധ വള്ളികുന്നം പൊലീസിൽ നൽകിയ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തിയത്. പട്ടികജാതി പീഡനമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതോടെ കേസിന്റെ അന്വേഷണം ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാർ ഏറ്റെടുത്തു. കേസിൽ പ്രതി ചേർക്കപ്പെട്ടവരിൽ ചിലരെ ഇന്നലെ വള്ളികുന്നം സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും അറസ്റ്റിലേക്ക് കടന്നിട്ടില്ല.