സഭകളിലെ തടസങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല: ഓം ബിർള

Friday 04 July 2025 1:01 AM IST

ന്യൂഡൽഹി: പാർലമെന്റിൽ അടുത്തകാലത്ത് പ്രതിഷേധങ്ങൾ കുറഞ്ഞത് മികച്ച ചർച്ചകൾക്കും നിയമനിർമ്മാണങ്ങൾക്കും വഴിതെളിച്ചെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ മാതൃക സ്വീകരിക്കണമെന്നും ചോദ്യോത്തരവേള,ശൂന്യവേള എന്നീ രീതികൾ തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിയാനയിലെ മനേസറിൽ മുനിസിപ്പൽ,കോർപറേഷൻ അദ്ധ്യക്ഷന്മാരുടെ ആദ്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപടികൾ തടസപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കി സൃഷ്ടിപരമായ ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. തടസങ്ങൾ ജനാധിപത്യത്തെ ദുർബലമാക്കും. സംഭാഷണം,ക്ഷമ,ആഴത്തിലുള്ള ചർച്ച എന്നിവയിലൂടെയാണ് ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കുന്നത്. ലോക്‌സഭയിൽ അടുത്ത കാലത്ത് പ്രതിഷേധങ്ങളും പ്ലക്കാർഡ് വീശലും കുറഞ്ഞതിനാൽ മികച്ച നിയമനിർമ്മാണങ്ങളുണ്ടായി. രാത്രി വൈകിയുള്ള ചർച്ചകളും വർദ്ധിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ചോദ്യോത്തര വേളയും ശൂന്യവേളയും തുടങ്ങണം. നിലവിലെ ഹ്രസ്വവും ക്രമരഹിതവുമായ യോഗങ്ങൾ പ്രാദേശിക ഭരണത്തെ ദുർബലപ്പെടുത്തുന്നു.

2030ൽ നഗരപ്രദേശങ്ങളിലെ ജനസംഖ്യ 600 ദശലക്ഷം കവിയാനിടയുള്ളത് മുന്നിൽ കണ്ട് നഗരഭരണത്തിന്റെ വ്യാപ്തിയും വികസിക്കണം. പരമ്പരാഗത സേവന രീതികളിൽ മാത്രം ഒതുങ്ങരുത്. പ്രാദേശിക തലത്തിൽ ഭരണത്തിലും പൊതുജനക്ഷേമത്തിനും വനിതാ നേതാക്കൾ അതുല്യമായ പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ്,ഹരിയാന സ്പീക്കർ ഹർവീന്ദർ കല്യാൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കേരളത്തിൽ നിന്നടക്കമുള്ള മുനിസിപ്പൽ ചെയർപേഴ്‌സൺമാർ പങ്കെടുത്തു.