ടെലിവിഷൻ റേറ്രിംഗിന് ഏജൻസികൾ: കരട് ടി.ആർ.പി മാർഗരേഖ പുറത്തിറക്കി

Friday 04 July 2025 1:05 AM IST

ന്യൂഡൽഹി: ടെലിവിഷൻ റേറ്രിംഗിന് കൂടുതൽ കൃത്യതയുണ്ടാക്കാനും,ഈരംഗത്ത് ആരോഗ്യകരമായ മത്സരം വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് കരട് ടി.ആർ.പി മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. നിലവിൽ ടെലിവിഷൻ റേറ്റിംഗ് നടത്തുന്നത് ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) എന്ന ഏജൻസി മാത്രമാണ്. കൂടുതൽ ഏജൻസികൾക്ക് അവസരം നൽകുന്ന രീതിയിൽ, 2014ലെ ടെലിവിഷൻ റേറ്റിംഗ് ഏജൻസീസ് പോളിസി ഗൈഡ്ലൈൻസിൽ ഭേദഗതി കൊണ്ടുവരാനാണ് ശ്രമം. 30 ദിവസത്തിനകം മേഖലയുമായി ബന്ധപ്പെട്ടവർക്കും പൊതുജനത്തിനും അഭിപ്രായങ്ങൾ അറിയിക്കാമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

 കേബിൾ വഴി മാത്രമല്ല കാഴ്ചക്കാർ

രാജ്യത്തെ ടി.വി കാണൽ ശീലത്തിൽ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് കേന്ദ്രം പറയുന്നു. കേബിൾ വഴി മാത്രമല്ല ചാനലുകൾ കാണുന്നത്. ഡി.ടി.എച്ച് പ്ലാറ്റ്ഫോമുകളും സ്‌മാർട്ട് ടി.വികളും വന്നു. മൊബൈൽ ആപുകളും, മറ്റു ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ കൂടിയും ചാനലുകൾ കാണുന്നുണ്ട്. പുതിയ ടി.ആർ.പി (ടെലിവിഷൻ റേറ്രിംഗ് പോയിന്റ്സ്)​ മാർഗരേഖ വരുന്നതോടെ മൊബൈലുകളിൽ അടക്കം കാണുന്നവരെ കൂടി കണക്കിലെടുക്കും.

1. രാജ്യത്ത് 230 ദശലക്ഷം ടി.വി പ്രേക്ഷകർ

2. വ്യൂവർഷിപ്പ് ഡേറ്ര ശേഖരിക്കാൻ 58000 മീറ്റർ മാത്രം

3. ഇത് ടി.വിയുള്ള വീടുകളുടെ 0.025% മാത്രമാണെന്ന് കേന്ദ്രം

4. അതിനാൽ നിലവിലെ റേറ്റിംഗ് രീതിക്ക് കൃത്യതയില്ലെന്നും നിലപാട്