പോത്തൻകോട്ട് തെരുവുനായയുടെ ആക്രമണത്തിൽ 24 പേർക്ക് കടിയേറ്റു

Friday 04 July 2025 2:09 AM IST

പോത്തൻകോട്: തെരുവുനായയുടെ ആക്രമണത്തിൽ 24 പേർക്ക് കടിയേറ്റു. അന്യസംസ്ഥാന തൊഴിലാളികളും പ്രദേശവാസികളും യാത്രക്കാരും നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 7നായിരുന്നു സംഭവം. പോത്തൻകാേട് ജംഗ്ഷനിൽ നിന്ന് പൂലന്തറ ഭാഗത്തേക്ക് സഞ്ചരിച്ച നായ റോഡിൽ കണ്ടവരെയൊക്കെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. കടിയേറ്റവരിൽ 3 പേർ സ്ത്രീകളാണ്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളികളായ ഓജിദ്ദീൻ, ദീപൻ, മനോജ് ചൗഹാൻ,ചന്ദൻ റായി,അൻസൂർ,ഗാരംഗ്,അർപ്പിതൻ,നൗഫൽ,പോത്തൻകോട് ചാത്തൻപാട് ശ്രീരംഗത്തിൽ മിനി (44) തുടങ്ങിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരുടെയും തിരച്ചിലിനൊടുവിൽ പോത്തൻകോട്, പൂലന്തറ ഭാഗത്ത് നിന്ന് നായയെ പിടികൂടി. നായയെ ഷെൽട്ടറിൽ പാർപ്പിച്ച് നിരീഷണം നടത്തും. നായയ്ക്ക് മരണം സംഭവിച്ചാൽ മാത്രമെ പേവിഷബാധ സ്ഥീരികരിക്കാനാകൂ. മാത്രമല്ല പാലോട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് ലബോറട്ടറിയിൽ പരിശോധന നടത്തും. ഇന്നു മുതൽ പഞ്ചായത്ത് പരിധിയിൽ തെരുവുനായ്ക്കൾക്ക് പേവിഷത്തിനെതിരെ വാക്സിനേഷൻ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ പറഞ്ഞു.