ദീപിക പദുക്കോൺ ഹോളിവുഡ് വാക്ക് ഒഫ് ഫെയിമിലേക്ക്

Friday 04 July 2025 7:13 AM IST

ലോസ് ആഞ്ചലസ്: ബോളിവുഡ് താരം ദീപിക പദുക്കോൺ ഹോളിവുഡ് വാക്ക് ഒഫ് ഫെയിമിലേക്ക്. നൂറുകണക്കിന് നോമിനേഷനുകളിൽ നിന്നാണ് ഹോളിവുഡ് ചേമ്പർ ഒഫ് കൊമേഴ്‌സിന്റെ വാക്ക് ഒഫ് ഫെയിം പാനൽ ദീപികയെ തിരഞ്ഞെടുത്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നടിയെന്ന ചരിത്ര നേട്ടം ദീപികയ്ക്ക് സ്വന്തമായി. എമിലി ബ്ലന്റ്,തിമോത്തി ഷാലമേ,റാമി മാലേക്, റേച്ചൽ മക്‌ആഡംസ്,ഡെമി മൂർ തുടങ്ങിയ ഹോളിവുഡിലെ ജനപ്രിയതാരങ്ങൾക്കൊപ്പമാണ് ദീപികയ്ക്ക് വാക്ക് ഒഫ് ഫെയിമിലെ സ്റ്റാർ ലഭിക്കുക. 2026 ക്ലാസിലേക്കാണ് എല്ലാവരെയും തിരഞ്ഞെടുത്തത്.

അതേസമയം,ഹോളിവുഡ് വാക്ക് ഒഫ് ഫെയിമിലെ സ്റ്റാർ സ്വന്തമാക്കിയ ഇന്ത്യയിൽ നിന്നുള്ള ആദ്യ നടൻ സാബു ദസ്‌തഗീറാണ്. മൈസൂരിൽ ജനിച്ച ഇദ്ദേഹം 1937ൽ 'എലിഫന്റ് ബോയ്" എന്ന ബ്രിട്ടീഷ് സിനിമയിലൂടെ പ്രശസ്തനായി. സാബു എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബ്രിട്ടീഷ്,യൂറോപ്യൻ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. ഇന്ത്യൻ സിനിമയിൽ അഭിനയിച്ചിട്ടില്ല. 1960ലാണ് വാക്ക് ഒഫ് ഫെയിമിൽ ഇടംനേടിയത്. 1963ൽ 39-ാം വയസിൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.

# ഹോളിവുഡ് വാക്ക് ഒഫ് ഫെയിം

 ലോസ് ആഞ്ചലസിലെ ഹോളിവുഡ് ബുലവാർഡിൽ

 1960ൽ നിലവിൽ വന്നു. നടപ്പാതകളിൽ 2,813 നക്ഷത്രങ്ങൾ പതിച്ചിരിക്കുന്നു

 അഭിനയം, സംഗീതം, ചലച്ചിത്ര നിർമ്മാണം, സംവിധാനം, നാടകം, കായികം തുടങ്ങി വിവിധ മേഖലകളിലെ പ്രശസ്തരുടെ പേരുകൾ നക്ഷത്രങ്ങളിൽ കാണാം

 നിയന്ത്രണം ഹോളിവുഡ് ചേംബർ ഒഫ് കൊമേഴ്‌സിന്

 തിരഞ്ഞെടുക്കപ്പെടുന്ന സെലിബ്രി​റ്റികളിൽ നിന്നോ അവരുടെ സ്‌പോൺസർമാരിൽ നിന്നോ സ്പോൺസർഷിപ്പ് ഫീസ് ഈടാക്കും (നിലവിൽ 85,000 ഡോളർ). ഇത് നക്ഷത്രത്തിന്റെ നിർമ്മാണം, പരിപാലനം തുടങ്ങിയവയ്ക്ക് ഉപയോഗിക്കും

 പ്രതിവർഷം ലഭിക്കുന്ന 300 ഓളം അപേക്ഷകളിൽ നിന്ന് 30ഓളം സെലിബ്രിറ്റികളെ വാക്ക് ഒഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കും