റഷ്യ ബന്ധത്തിന്റെ പേരിൽ തീരുവ ഭീഷണി --- ആശങ്കയില്ല, കടമ്പ മറികടക്കും: ജയശങ്കർ

Friday 04 July 2025 7:18 AM IST

വാഷിംഗ്ടൺ: ഇന്ത്യയടക്കം റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 500 ശതമാനം വരെ തീരുവ ചുമത്തണമെന്ന യു.എസ് സെനറ്റർമാരുടെ ആവശ്യത്തോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അത്തരം ഒരു സാദ്ധ്യത ഓർത്ത് ഇന്ത്യ ആശങ്കപ്പെടുന്നില്ലെന്നും അങ്ങനെയുണ്ടായാൽ രാജ്യം ആ കടമ്പ മറികടക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.

റിപ്പബ്ലിക്കൻ സെനറ്ററായ ലിൻഡ്‌സെ ഗ്രഹാമാണ് ഇന്ത്യയും ചൈനയും അടക്കം റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ തീരുവ ചുമത്തണമെന്ന ആശയം ഉന്നയിച്ചത്. ഇതു സംബന്ധിച്ച ബില്ല് അവതരിപ്പിക്കാനാണ് ഗ്രഹാമിന്റെ നേതൃത്വത്തിലെ സെനറ്റർമാരുടെ പദ്ധതി. ഊർജ്ജം,​ സുരക്ഷാ എന്നിവയുമായി ബന്ധപ്പെട്ട തങ്ങളുടെ താത്പര്യങ്ങളും ആശങ്കകളും യു.എസിനെ അറിയിച്ചിട്ടുണ്ടെന്നും ജയശങ്കർ വാഷിംഗ്ടണിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, ഇന്ത്യ-യു.എസ് ബന്ധത്തിൽ പാകിസ്ഥാൻ ഒരു ഘടകമേ അല്ലെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ-യു.എസ് ബന്ധത്തിൽ പാകിസ്ഥാന്റെ പങ്ക് മൂലം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.