ആണവോർജ്ജ ഏജൻസിയുമായി സഹകരണം നിറുത്തിയിട്ടില്ല: ഇറാൻ

Friday 04 July 2025 7:18 AM IST

ടെഹ്റാൻ: അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (ഐ.എ.ഇ.എ) സഹകരണം അവസാനിപ്പിച്ചിട്ടില്ലെന്നും ആണവ നിർവ്യാപന ഉടമ്പടിയോട് പ്രതിജ്ഞാബദ്ധമാണെന്നും ഇറാൻ. രാജ്യത്ത് ഐ.എ.ഇ.എയുടെ ഇടപെടൽ നിയന്ത്രിക്കുന്ന ബില്ലിന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. പിന്നാലെ,ഐ.എ.ഇ.എയുമായുള്ള സഹകരണം അവസാനിപ്പിച്ചതിന് ജർമ്മൻ വിദേശകാര്യ മന്ത്രാലയം അടക്കം ഇറാനെ രൂക്ഷമായി വിമർശിച്ചിരുന്നു. ജർമ്മനിയുടെ പ്രസ്താവന എക്സിൽ പങ്കുവച്ചാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ആരോപണങ്ങൾ തള്ളിയത്. സഹകരണം അവസാനിപ്പിച്ചെന്നത് തെറ്റാണെന്ന് അരാഖ്ചി ചൂണ്ടിക്കാട്ടി. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ വഴി ഏജൻസിയുമായി സഹകരണം തുടരും. സുരക്ഷാ കാരണങ്ങളുടെ പശ്ചാത്തലത്തിൽ, ഐ.എ.ഇ.എയ്ക്ക് ഇനി രാജ്യത്തെ ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെങ്കിൽ കൗൺസിലിന്റെ അനുമതി വേണമെന്ന് നിയമത്തിൽ വ്യക്തമാക്കുന്നുണ്ടെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി.