ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ" പാസായി
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ ടാക്സ്-ബഡ്‌ജറ്റ് ബില്ലിന് യു.എസ് കോൺഗ്രസിന്റെ അന്തിമ അംഗീകാരം. ഇന്നലെ ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ 218 പേർ അനുകൂലിച്ചതോടെ ബിൽ പാസായി. 214 പേർ എതിർത്തു. യു.എസിന്റെ സ്വാതന്ത്ര്യ ദിനമായ ഇന്ന് ട്രംപ് ഒപ്പിടുന്നതോടെ 'ബിഗ് ബ്യൂട്ടിഫുൾ ബിൽ" എന്നറിയപ്പെടുന്ന ഈ നിയമനിർമ്മാണം പ്രാബല്യത്തിൽ വരും.
27 മണിക്കൂറിലേറെ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ബിൽ അംഗീകാരം നേടിയെടുത്തത്. ബിൽ ഇന്ന് നടപ്പാക്കുമെന്ന് ട്രംപ് നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. തുടർന്ന് ഇന്നലത്തെ വോട്ടെടുപ്പ് പരമാവധി വൈകിക്കാൻ സഭയിലെ ഡെമോക്രാറ്റിക് അംഗങ്ങൾ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ഡെമോക്രാറ്റിക് പാർട്ടിയുടെ സഭാ നേതാവ് ഹാക്കീം ജെഫ്രീസ് 8 മണിക്കൂർ 45 മിനിറ്റ് നീണ്ട പ്രസംഗം നടത്തി റെക്കാഡ് സ്ഥാപിച്ചു. ജെഫ്രീസിന്റെ പ്രസംഗം അവസാനിച്ച ഉടൻ സ്പീക്കറും റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് ജോൺസൺ വോട്ടെടുപ്പ് നടപടികളിലേക്ക് കടന്നു.
ട്രംപിന്റെ ബില്ലിനെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്. ട്രംപിന്റെ അടുത്ത അനുയായി ആയിരുന്ന ശതകോടീശ്വരൻ ഇലോൺ മസ്ക് ബില്ലിനെ എതിർത്തത് ഇരുവരും തമ്മിലെ വാക്ക്പോരിന് വഴിവച്ചു. ബിൽ ചെലവ് കൂട്ടുമെന്നും ഖജനാവിന് ബാദ്ധ്യതയാകുമെന്നുമാണ് മസ്കിന്റെ വാദം. ഇലക്ട്രിക് വാഹന നികുതി ആനുകൂല്യങ്ങൾ വെട്ടികുറയ്ക്കാൻ ബില്ലിൽ നിഷ്കർശിക്കുന്നുണ്ട്. ഇത് മസ്കിന്റെ ടെസ്‌ലയെ ബാധിക്കും. ടെസ്‌ലയ്ക്ക് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.
#ക്ഷേമ പദ്ധതികൾക്ക് വെട്ട്
അതിർത്തി സുരക്ഷ, അനധികൃത കുടിയേറ്റം തടയാനുള്ള നടപടികൾ, സൈന്യം, ഊർജ്ജ ഉത്പാദനം എന്നിവയ്ക്കുള്ള ധനവിനിയോഗം ഉയർത്താൻ ബില്ലിൽ നിഷ്കർഷിക്കുന്നു. ആരോഗ്യ പരിരക്ഷയും ഭക്ഷ്യപദ്ധതിയും ഇല്ലാതാക്കുന്നത് അടക്കമുള്ള വ്യവസ്ഥകൾ സാധാരണക്കാരിലും ആശങ്കയുണ്ടാക്കുന്നു. ഏകദേശം 12 മില്യൺ അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ ഇല്ലാതാകും. പത്ത് വർഷം കൊണ്ട് യു.എസിന്റെ ദേശീയ കടത്തിൽ 3.3 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കുന്നതും ലക്ഷ്യമിടുന്നു. ഈ ആഴ്ച ആദ്യമാണ് ആയിരത്തോളം പേജുള്ള ബിൽ സെനറ്റിൽ പാസായത്.