ലാലേട്ടനെ വേദനിപ്പിച്ചതിന് സെറ്റിലുള്ളവർ മർദിച്ചു; ഇതറിഞ്ഞ മോഹൻലാൽ ഇടികിട്ടിയവനോട് പറഞ്ഞത്, ഒപ്പം ഒരു സമ്മാനവും നൽകി

Friday 04 July 2025 1:49 PM IST

മാദ്ധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ കൊണ്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മാദ്ധ്യമപ്രവർത്തകനെതിരെ രൂക്ഷവിമർശനവും ഉയർന്നിരുന്നു. എന്നാൽ ഇതറഞ്ഞ മോഹൻലാൽ മാദ്ധ്യമപ്രവർത്തകനെ വിളിച്ച് ആശ്വസിപ്പിച്ചതും വാർത്തയായിരുന്നു. തനിക്ക്‌ വേദനിച്ചിട്ടും മാദ്ധ്യമപ്രവർത്തകനെ ആശ്വസിപ്പിക്കാൻ കാണിച്ച മോഹൻലാലിന്റെ മനസിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.

വർഷങ്ങൾക്ക് മുമ്പ് സമാനമായ ഒരവസ്ഥയിൽ മോഹൻലാൽ ഇതേ രീതിയിൽ പെരുമാറിയിട്ടുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ നന്ദുവാണ് ഇക്കാര്യം വെളിപ്പെടുത്തിയ്. ഏയ് ഓട്ടോ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് സംഭവമുണ്ടായത്.


'തളി ക്ഷേത്രത്തിലെ സീനായിരുന്നു. ലാലേട്ടനും രേഖയും അമ്പലത്തിനകത്ത് പ്രദക്ഷിണം വച്ച് വരുന്ന സീൻ. ആ സീൻ തീർന്നപ്പോൾ ലാലേട്ടനെയും രേഖയേയും കാറിൽ കയറ്റി ഹോട്ടലിലേക്ക് വിടണം. അത്രയും വലിയ ജനക്കൂട്ടമാണ്. അവിടെ കുറച്ച് കുഴപ്പം പിടിച്ചവരുണ്ടായിരുന്നു. അതിലുള്ള ഒരുത്തൻ ഭയങ്കര ആവേശമാണ്.


ലാലേട്ടൻ വണ്ടിക്കകത്ത് കയറുന്നതിന് മുമ്പേ ഇതേ കക്ഷി ലാലേട്ടന്റെ വയറിൽ കയറി പിടിച്ച് ഒരു ഞെക്ക് ഞെക്കി. ലാലേട്ടന്റെ ഷർട്ട് കീറിയിരുന്നു. സെറ്റിലുള്ളവർ ഒരുവിധം ലാലേട്ടനെ വണ്ടിയിൽ കയറ്റി. അവൻ വീണ്ടും ലാലേട്ടനെ കാണണമെന്നും പറഞ്ഞ് ബഹളംവച്ചു. അംബാസിഡർ കാറിലെ ക്വാർട്ടർ ഗ്ലാസ് കല്ലുകൊണ്ട് പൊട്ടിച്ചു. അയാളുടെ കൈയിൽ ബ്ലേഡുണ്ടായിരുന്നു. അതുവച്ച് ഡ്രൈവറുടെ കൈ കീറി. വണ്ടി അങ്ങ് വിട്ടു. പ്രൊഡക്ഷൻ മാനേജരൊക്കെ അത് കാണുന്നുണ്ട്.


ഫുഡൊക്കെ കൊണ്ടുവരുന്ന ഒരു വാനുണ്ട്. അത് പിറകോട്ടെടുക്കാൻ പ്രൊഡക്ഷൻ മാനേജർ പറഞ്ഞു. കറക്ട് ഇവന്റെ അടുത്തെത്തിയപ്പോൾ പിടിച്ച് കയറ്റാൻ പറഞ്ഞു. പ്രൊഡക്ഷനിലുള്ളവർ അവനെ പിടിച്ചുകയറി. ഇവനെ എല്ലാവരും കൂടി ഇടിച്ചു, ഷാർട്ടൊക്കെ കീറി. എന്നിട്ട് ലാലേട്ടന്റെ ഹോട്ടലിൽ കൊണ്ടുപോയി. ഇവനെ കണ്ടതും 'ഇങ്ങനെയൊക്കെ ചെയ്യാമോ മോനെയെന്ന് ലാലേട്ടൻ ചോദിച്ചു. ചേട്ടൻ നേരെ അകത്തുപോയി, അലമാര തുറന്ന് നല്ലൊരു ഷർട്ടെടുത്തു ഇവന് കൊണ്ടുകൊടുത്തു. അവന് ഭയങ്കര സന്തോഷായി.'- നന്ദു പറഞ്ഞു.