'മകൾ ആ നടിയെ വെല്ലുന്ന നർത്തകിയാകുമായിരുന്നു, ജീവിതത്തിൽ മോനിഷയുടെ ആഗ്രഹം മറ്റൊന്നായിരുന്നു'

Friday 04 July 2025 3:57 PM IST

അന്തരിച്ച നടിയും നർത്തകിയുമായ മോനിഷയുടെ അഭിനയരീതിയെക്കുറിച്ച് തുറന്നുപറഞ്ഞ് അമ്മ ശ്രീദേവി ഉണ്ണി. മകൾ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ശോഭനയെ വെല്ലുന്ന നർത്തകിയാകുമായിരുന്നുവെന്ന് അവർ പറഞ്ഞു. മോനിഷയുടെ വേർപാട് ഇപ്പോഴും മനസിൽ തീരാനഷ്ടമായി നിൽക്കുകയാണെന്നാണ് ശ്രീദേവി ഉണ്ണി പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പറയുന്നത്.

'മകളിൽ എപ്പോഴും ഒരു ദേവാംശം അടങ്ങിയിരുന്നു. ഓരോരുത്തരോടും എന്തുപറയണമെന്ന കാര്യത്തിൽ മോനിഷയ്ക്ക് എപ്പോഴും അറിയാമായിരുന്നു. എല്ലാവരോടും ചിരിച്ചുക്കൊണ്ടാണ് മറുപടി പറയുക. മ​റ്റുളളവരുടെ മുൻപിൽ വച്ച് എനിക്കെതിരായിട്ടോ ഇഷ്ടമില്ലാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. മകളുമായിട്ട് എം ടി വാസുദേവൻ നായരും നല്ല സൗഹൃദത്തിലായിരുന്നു. മിക്കപ്പോഴും അവർ രണ്ടുപേരും ഫോണിലൂടെ സംസാരിക്കുമായിരുന്നു. മോനിഷയുടെ ചിരി കേൾക്കാനാണ് വിളിക്കുന്നതെന്ന് എംടി എന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്.

വിനീതും മനോജ് കെ ജയനും റഹ്മാനും എന്റെ സ്വന്തം കുട്ടികളെ പോലെയാണ്. അവരുടെ ചിരിയും മോനിഷയും ചിരിയും ഒരുപോലെയായിരുന്നു. എനിക്ക് സാധിക്കാതെ പോയ പല കാര്യങ്ങളും മകളിലൂടെ ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്. എനിക്ക് കുട്ടിക്കാലത്ത് സിനിമയിൽ പോകണമെന്ന് അമ്മയോട് ഒരുപാട് പറഞ്ഞിട്ടുണ്ട്. ഞാൻ മകളെ പതിനാലാം വയസിൽ അഭിനയിപ്പിച്ചു. മകളെ സിനിമയിൽ അഭിനയിപ്പിച്ചതിന് ബന്ധുക്കൾക്ക് സങ്കടമുണ്ടായിരുന്നു. ഞാൻ മോനിഷയുടെ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അത് മകൾക്ക് ഇഷ്ടമില്ലായിരുന്നു.

ഞാൻ അവളിലൂടെയാണ് എന്നെ കണ്ടിരുന്നത്. മകളുടെ വലിയൊരു ആരാധിക കൂടിയാണ് ഞാൻ. മോനിഷയ്ക്കുവേണ്ടിയാണ് ജീവിച്ചത്. എന്റെ മകനും അതുതന്നെയാണ് പറയുന്നത്. മകളുടെ മരണത്തിൽ നിന്ന് എങ്ങനെ അതിജീവിച്ചുവെന്ന് ഇപ്പോഴും അറിയില്ല. മകന്റെ പിന്തുണ ഉളളതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. പണം ലഭിക്കാനല്ലായിരുന്നു മകളെ സിനിമയിൽ അഭിനയിപ്പിച്ചത്. കലയോടുളള സ്‌നേഹം കൊണ്ടാണ്. ഇപ്പോൾ ഞാൻ സങ്കൽപ്പലോകത്താണ് ജീവിക്കുന്നത്.

ഈ നിമിഷം വരെയും മകൾ നഷ്ടപ്പെട്ട വേദനയിലാണ് ഞാൻ ജീവിക്കുന്നത്. അത് പുറത്ത് കാണിക്കാറില്ല. എന്റെ മകൾ ഒരു കലാകാരിയാണ്. അതുല്യ കലാകാരിയാണ്. ഇന്നുണ്ടായിരുന്നെങ്കിൽ ശോഭനയെക്കാളും വലിയൊരു നർത്തകിയാകുമായിരുന്നു. മിക്കയാളുകൾക്കും അവളെ പേടിയായിരുന്നു. അവൾക്ക് സിനിമയിൽ അഭിനയിക്കുന്നതിനേക്കാളും ടെക്നിക്കൽ കാര്യങ്ങൾ ചെയ്യാനായിരുന്നു ഇഷ്ടം. ക്യാമറ പ്രവർത്തിപ്പിക്കാനായിരുന്നു ആഗ്രഹം. ജീവിതത്തിൽ ഒരു ചൈൽഡ് സൈക്കോളജിസ്​റ്റാകാനായിരുന്നു ആഗ്രഹം'- ശ്രീദേവി ഉണ്ണി പറഞ്ഞു.